ernakulam local

കടല്‍ ശാന്തം; ഭീതി വിട്ടൊഴിയാതെ ചെല്ലാനം തീരമേഖല

പള്ളുരുത്തി: ഓഖി കൊടുങ്കാറ്റിന്റെ തീവ്രതയില്‍ കടല്‍ താണ്ഡവമാടിയ ചെല്ലാനം തീരമേഖലയില്‍ കടല്‍ അല്‍പ്പം കുറഞ്ഞെങ്കിലും ഭീതി വിട്ട് മാറാതെ കഴിയുകയാണ് തീരദേശ വാസികള്‍. പലര്‍ക്കും വീട്ടിലേക്ക് തിരികെ പോവണമെന്ന ആഗ്രഹമുണ്ടെങ്കിലും കഴിയാത്ത അവസ്ഥയാണ്.
വീടിനുള്ളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാസയോഗ്യമല്ലാത്ത സാഹചര്യമാണ്. ഇതെല്ലാം പരിഹരിച്ചതിന് ശേഷം മാത്രമേ അവരവരുടെ വീടുകളിലേക്ക് പോവാന്‍ കഴിയൂ. ചെല്ലാനം സെന്റ് മേരീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ 1200 പേരാണുള്ളത്. ഇതില്‍ 600 ഓളം പേരുടെ വീടുകളാണ് വാസയോഗ്യമല്ലാത്ത അവസ്ഥയിലുള്ളത്.
ബാക്കിയുള്ളവര്‍ പകല്‍ സമയങ്ങളില്‍ വീടുകളില്‍ കഴിഞ്ഞ ശേഷം രാത്രിയാണ് ക്യാംപില്‍ എത്തുന്നത്. ഇവര്‍ക്കാവശ്യമായ ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റവന്യൂവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. വടക്കേ ചെല്ലാനത്ത് പുത്തന്‍തോട് സ്‌കൂളിലെ ക്യാംപിലും നൂറോളം പേരുണ്ട്. ഇവിടെയും രാത്രികാലങ്ങളിലാണ് ആളുകള്‍ എത്തുന്നത്. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മാത്രമാണ് ഇവിടെ മുഴുവന്‍ സമയം നില്‍ക്കുന്നത്. അതേസമയം ഇന്നലെ ഉച്ചയ്ക്ക് വേലിയേറ്റത്തിന്റെ ഭാഗമായി കടല്‍ ശക്തമായെങ്കിലും പിന്നീട് കുറഞ്ഞു. വാവിനോടനുബന്ധിച്ച് രാത്രിയില്‍ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാഹചര്യമുള്ളതിനാല്‍ റവന്യൂ സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
വാസയോഗ്യമല്ലാതായി തീര്‍ന്ന വീടുകള്‍ അടുത്ത ദിവസം തന്നെ റെഡ് ക്രോസ്, ആരോഗ്യ വിഭാഗം മറ്റ് സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ വാസയോഗ്യമാക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതിന് ശേഷം മാത്രമേ ക്യാംപില്‍ നിന്ന് ആളുകളെ മാറ്റുകയുള്ളൂ. പരീക്ഷ അടുത്തതോടെ കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള സൗകര്യവും നഷ്ടപ്പെട്ട സ്ഥിതിയാണ്.
അതേസമയം ചെല്ലാനം തീരമേഖലയില്‍ കടലാക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ അടിയന്തരമായി പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സംഘടിതമായി റോഡ് ഉപരോധിച്ചു.
വര്‍ഷങ്ങളായി ചെല്ലാനം നിവാസികളുടെ ആവശ്യമാണ് ദ്രോണാചാര്യ മോഡല്‍ പുലിമുട്ട് നിര്‍മിക്കുകയെന്നത്.
എന്നാല്‍ മാറി മാറി വരുന്ന ജനപ്രതിനിധികള്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്യാറില്ല. ഇതാണ് ജനങ്ങളുടെ രോഷ പ്രകടനത്തിന് കാരണമായത്. റോഡ് ഉപരോധിച്ചതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലിസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. ഇതോടെ ചെല്ലാനം മേഖലയിലേക്കുള്ള ബസ് ഗതാഗതവും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
അതേസമയം തീരവാസികള്‍ മണല്‍വാട തീര്‍ക്കുന്നതിന് പ്ലാസ്റ്റിക്ക് ചാക്കുകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് നല്‍കുന്നില്ല. പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടി മൂന്ന് വര്‍ഷം മുമ്പ് ഇത് നിര്‍ത്തി വെച്ചിരുന്നു. മാനാശ്ശേരി, സൗദി മേഖലയില്‍ നാട്ടുകാര്‍ സ്വന്തം നിലയില്‍ മണല്‍ ചാക്കുകള്‍ നിരത്തുന്നുണ്ട്.
മാനാശ്ശേരി, സൗദി മേഖലയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പലരുടേയും വീടിന്റെ ചുറ്റുമതില്‍ ഉള്‍പ്പെടെ തകര്‍ന്ന നിലയിലാണ്. അതേസമയം ദുരിതാശ്വാസത്തിനായി രാമേശ്വരം വില്ലേജ് ഓഫിസില്‍ എത്തുന്നവരെ പല കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുന്നതായും പരാതിയുണ്ട്.
Next Story

RELATED STORIES

Share it