Kollam Local

കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് നാവിക-വ്യോമ സേനകള്‍

കൊല്ലം: പ്രതികൂല കാലാവസ്ഥയിലും കടലില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയതായി ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ അറിയിച്ചു. നാവിക, വ്യോമ സേനകളുടെ കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ സേവനം രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ യാനങ്ങളും പ്രവര്‍ത്തനനിരതമാണ്.
ഫിഷറീസ് വകുപ്പിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റല്‍ പോലിസിന്റെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ തങ്കശ്ശേരിയില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളുടെ സാന്നിധ്യവുമുണ്ട്. ബോട്ട് ഉടമകള്‍ വിട്ടു നല്‍കിയ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നു. തങ്കശ്ശേരിയില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി രണ്ട് ബോട്ടുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാക്കും.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മല്‍സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ നീണ്ടകരയിലും അഴീക്കലും തങ്കശ്ശേരിയിലും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങി.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചും കാറ്റിന്റെ വേഗത സംബന്ധിച്ചും ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന അറിയിപ്പുകള്‍ തീരപ്രദേശങ്ങളില്‍ നല്‍കുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളിലും രക്ഷാപ്രവര്‍ത്തന വേളയിലും 9447646268(നീണ്ടകര), 9447656462(അഴീക്കല്‍), 9495434789(തങ്കശ്ശേരി) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വള്ളങ്ങളില്‍
സുരക്ഷാ ക്രമീകരണം പാലിക്കണം
കൊല്ലം: പൊതുമരാമത്ത് വകുപ്പിന്റെ പരിധിയില്‍ വരുന്ന കടവുകളില്‍ കടത്തുവള്ളങ്ങളുടെ സര്‍വീസ് നടത്തുന്ന ജീവനക്കാര്‍ മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കടത്തു നിര്‍ത്തി വയ്‌ക്കേണ്ടതായ സാഹചര്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം.
Next Story

RELATED STORIES

Share it