malappuram local

കടല്‍ മാക്രികളും ഡോള്‍ഫിനുകളും മല്‍സ്യബന്ധനത്തിന് ഭീഷണി

പരപ്പനങ്ങാടി: വിനാശകാരികളായ കടല്‍തവളകള്‍ക്ക് പിന്നാലെ ഡോള്‍ഫിനുകളും മല്‍സ്യത്തൊഴിലാളികളുടെ ഉറക്കംകെടുത്തുന്നു. ലക്ഷങ്ങള്‍ വിലവരുന്ന വലകള്‍ കടിച്ചു കീറുന്നത് കാരണം മല്‍സ്യബന്ധനം മുടങ്ങുകയാണ്. ഡോള്‍ഫിനെ പിടികൂടാന്‍പാടില്ലെന്നാണ് നിയമം. വലയില്‍ അകപെട്ടാല്‍തന്നെ ഇവയെ കടലിലേക്ക് തിരിച്ചിടുകയാണ് പതിവ്.
ഈ അടുത്ത ദിവസങ്ങളിലായി നിരവധി വള്ളങ്ങളുടെ വലകളാണ് കടല്‍ എഡി എന്നറിയപ്പെടുന്ന ഡോള്‍ഫിനുകളുടെ അക്രമത്തില്‍തകര്‍ന്നത്. ജില്ലയുടെ തീരത്ത് ഇവ പെരുകിയിരിക്കുകയാണെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. തണുപ്പുകാലങ്ങളിലാണ് ഡോള്‍ഫിനുകളുടെ സാന്നിധ്യം വര്‍ധിക്കുന്നത്. ഇവ കൂട്ടമായെത്തി വലയില്‍ കുടുങ്ങിയ മല്‍സ്യങ്ങളെ കടിച്ചെടുക്കുകയും വല തകര്‍ക്കുകയും ചെയ്യും.
വല തകരുന്നതോടെ പിടിച്ച മല്‍സ്യങ്ങള്‍ കടലില്‍ ഒഴുകിപോവുന്നതും പതിവാണ്. നാല്‍പതിലേറെ പേര്‍ കയറുന്ന വള്ളങ്ങളിലെ തൊഴിലാളികള്‍ വെറും കൈയോടെ കരക്കണയുകയാണ്. ഇതോടെ ഇന്ധനനഷ്ടത്തിനു പുറമെ അധ്വാനവും നടുക്കടലില്‍ പാഴാവുന്നു. വല തകര്‍ന്നാല്‍ പിന്നീട് മൂന്നു ആഴ്ച കടലില്‍പോവാനാവില്ല. വലകള്‍ തുന്നിക്കൂട്ടാന്‍ ആഴ്ച്ചകളെടുക്കും.
പുതിയ വല സംഘടിപ്പിക്കാന്‍ ലക്ഷങ്ങള്‍വേണം. കടല്‍ എഡിയുടെ ഭീഷണി കാരണം മല്‍സ്യബന്ധനം നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍ പലരും. മഴക്കാലങ്ങളില്‍ കടല്‍മാക്രികളും നന്നായി മല്‍സ്യം ലഭിക്കുന്ന തണുപ്പ് സീസണില്‍ വിനാശകാരികളായ ഡോള്‍ഫിനുകളും മല്‍സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it