കടല്‍ പ്രക്ഷുബ്ധമാവും; മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ശനിയാഴ്ച ന്യൂനമര്‍ദം രൂപപ്പെടുമെന്നും 7, 8 തിയ്യതികളില്‍ ശക്തിപ്രാപിച്ച് അറബിക്കടലിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
ന്യൂനമര്‍ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ കടലില്‍ പോവുന്നത് ഒഴിവാക്കണം. ദീര്‍ഘനാളത്തേക്കു മല്‍സ്യബന്ധനത്തിനു പോയവര്‍ 5ന് മുമ്പ് തിരികെയെത്തണമെന്നും ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അതേസമയം, സാഗര മൊബൈല്‍ ആപ്ലിക്കേഷനില്‍ എല്ലാ മല്‍സ്യത്തൊഴിലാളികളും അടിയന്തരമായി പേര് രജിസ്റ്റര്‍ ചെയ്യണമെന്നു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കടലില്‍ പോവുന്ന മല്‍സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണു സാഗര മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയത്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററുമായി ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്. കടല്‍ പ്രക്ഷുബ്ധമാവും വിധം കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാല്‍ കടലിലകപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ എണ്ണം വേഗത്തില്‍ മനസ്സിലാക്കുന്നതിനും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനുമാണ് ആപ്ലിക്കേഷന്‍ സംവിധാനം. എന്നാല്‍ ചില മല്‍സ്യത്തൊഴിലാളികള്‍ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സര്‍ക്കാര്‍ ഒരുക്കിയ സംവിധാനം ഫലപ്രദമായി മല്‍സ്യത്തൊഴിലാളികള്‍ ഉപയോഗിക്കണമെന്ന് മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it