Alappuzha local

കടല്‍ കയറ്റത്തിന് ശമനമില്ല; തീരവാസികള്‍ ഭീതിയില്‍

തുറവൂര്‍: തീരദേശത്ത് പള്ളിത്തോട് മുതല്‍ അന്ധകാരനഴി വരെ പ്രദേശങ്ങളില്‍ കടല്‍ കയറ്റത്തിന് ശമനമില്ല.
മൂന്ന് ദിവസമായി തുടരുന്ന ശക്തമായ വേലിയേറ്റത്തെ തുടര്‍ന്ന് തീരദേശ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. അര്‍ധരാത്രിയോടെ തുടങ്ങുന്ന കടല്‍കയറ്റം പുലര്‍ച്ചെ മൂന്നു മണി വരെ നീണ്ടുനില്‍ക്കുന്നതായി തീരവാസികള്‍ പറയുന്നു. കടല്‍ കയറ്റം തുടരുന്നത് തീരവാസികളെ ഭീതിയിലാക്കി. വീട് വിട്ട് കുടുംബത്തോടെ മറ്റിടങ്ങളിലേക്ക് അഭയം തേടുകയാണ് പലരും.
ഇന്നലെ ഉച്ചകഴിഞ്ഞ് ചേര്‍ത്തല തഹസീല്‍ദാര്‍ ഷിബുകുമാര്‍, തുറവൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിന്‍ ഏണസ്റ്റ്, കുത്തിയതോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി ജോസി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സീമോള്‍, കുഞ്ഞാപ്പു, ഓബിള്‍, തുറവൂര്‍ കുത്തിയതോട് വില്ലേജ് ഓഫിസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പള്ളിത്തോട് , പ്രതിഭാ സ്റ്റോപ്പ്, റോഡ് മുക്ക്, അന്നാപുരം, കൈരളി, വാലേക്കടപ്പുറം എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചു. താല്‍ക്കാലികമായി കടല്‍ കയറ്റം തടയുന്നതിനുള്ള ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.
കേരളാ തീരത്ത് 'കള്ളക്കടല്‍' രൂപപ്പെട്ടതായും ഹൈദരാബാദിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുമൂലം സമുദ്രതീരത്തു ജലനിരപ്പു രണ്ടു മീറ്ററോളം ഉയര്‍ന്നിട്ടുണ്ട്. കടലാക്രമണം പതിവില്ലാത്ത സമയത്ത് അപ്രതീക്ഷിതമായി സമുദ്ര ജലനിരപ്പ് ഉയരുകയും വന്‍ തിരമാലകള്‍ രൂപപ്പെടുകയും ചെയ്യുന്ന പ്രതിഭാസത്തെയാണു തീരദേശ വാസികള്‍ 'കള്ളക്കടല്‍' എന്നു വിളിക്കുന്നത്.
എല്ലാ വര്‍ഷവും ജനുവരിയില്‍ ഈ പ്രതിഭാസം മൂലം കടല്‍ പ്രക്ഷുബ്ധമായിരിക്കും. മണ്‍സൂണ്‍കാല കടല്‍ക്ഷോഭത്തിനു സമാനമായി തീരദേശത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയില്‍ ആകാന്‍ സാധ്യതയുണ്ട്. കടലിലെ സ്വാഭാവികമാറ്റവും കാലാവസ്ഥ വ്യതിയാനവുമാണു പ്രതിഭാസത്തിനു പിന്നിലെന്ന് സമുദ്ര ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. വലിയ ദൂരം താണ്ടി കേരള തീരത്ത് എത്തുന്ന തിരമാലകള്‍ക്കു പ്രഹര ശേഷിയും പൊക്കവും കൂടുതലാണ്. ആറു മുതല്‍ പത്തു വരെയുള്ള തിരമാലകളുടെ കൂട്ടമാണ് ഓരോ തിരയിലുമുണ്ടാവുക.
Next Story

RELATED STORIES

Share it