ernakulam local

കടല്‍മല്‍സ്യങ്ങള്‍ കായലിലേക്ക് വരാതായി ; കല്ലഞ്ചേരി കായലിലെ എക്കല്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കായല്‍ സമരം



പള്ളുരുത്തി: കല്ലഞ്ചേരി കായലിലെ എക്കല്‍ നീക്കം ചെയ്ത് മല്‍സ്യബന്ധനത്തിന് അനുയോജ്യമാക്കണമെന്നാവശ്യപ്പെട്ട് നൂറോളം വള്ളങ്ങള്‍ അണിനിരത്തി കായല്‍ സമരം സംഘടിപ്പിച്ചു. വേമ്പനാട്ട് കായലിന്റെ കൈവരിയായ കല്ലഞ്ചേരി കായല്‍ ഒരു കാലത്ത് മല്‍സ്യനിബിഡമായിരുന്നു. കടലില്‍ നിന്നും ചൊറക്, തിരണ്ടി, ഉരത്തല്‍, പ്രാഞ്ഞില്‍, എലച്ചില്‍ തുടങ്ങിയ മല്‍സ്യങ്ങള്‍ പ്രജനനകാലയളവില്‍ കല്ലഞ്ചേരി കായലില്‍ എത്തി മുട്ടയിട്ടു മടങ്ങുമായിരുന്നു. എന്നാല്‍ കായലില്‍ എക്കലടിയുകയും പൊതുജനങ്ങള്‍ മാലിന്യങ്ങള്‍ എറിയുന്ന കുപ്പയാക്കി കായലിനെ മാറ്റുകയും ചെയ്തതോടെ കടല്‍മല്‍സ്യങ്ങള്‍ കായലിലേക്ക് വരാതായി. കായല്‍ മല്‍സ്യങ്ങളും വംശനാശ ഭീഷണി നേരിടുകയാണ്. ആയിരകണക്കിന് തൊഴിലാളികളാണ് കല്ലഞ്ചേരി കായലിനെ ആശ്രയിച്ച് ജീവിക്കുന്നത്. ഇവരുടെ കുടുംബങ്ങളാവട്ടെ പട്ടിണിയിലുമാണ്. കായല്‍ ഡ്രജ്ജ് ചെയ്ത് മല്‍സ്യ ബന്ധനത്തിന് സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.സമരം കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. കല്ലഞ്ചേരി കായല്‍ മല്‍സ്യത്തൊഴിലാളി സമിതി പ്രസിഡന്റ് ഫാ. ഡോ. ആന്റണിറ്റോ പോള്‍ അധ്യക്ഷത വഹിച്ചു. ചെല്ലാനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി, കൗണ്‍സിലര്‍ കെ ആര്‍ പ്രേം കുമാര്‍, പഞ്ചായത്തംഗം രത്തന്‍, ചാള്‍സ് ജോര്‍ജ്,  പ്രവീണ്‍ ദാമോദര പ്രഭു, ഷൈജല്‍ വെളിയില്‍, ജോബി പനക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it