കടല്‍ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കും: ഉമ്മന്‍ചാണ്ടി

മട്ടാഞ്ചരി :  കടല്‍ഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനത്തെ ദുരിതാശ്വാസ ക്യാംപില്‍ നിരാഹാര സമരം നടത്തുന്നവരെ സന്ദര്‍ശിക്കാനെത്തിയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ സമരക്കാരുടെ പ്രതിഷേധം. ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍ എംഎല്‍എ, മുന്‍ എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് എന്നിവര്‍ക്കു നേരെയാണ് സമരക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയത്. പിന്നീട് ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍ എംഎല്‍എ, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരെ ക്യാംപിലേക്ക് കടക്കാന്‍ സമരക്കാര്‍ അനുവദിച്ചു. ബാക്കിയുള്ളവരെ ക്യാപിനു പുറത്തു നിര്‍ത്തി സമരാക്കാര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ക്യാംപിനുള്ളില്‍ എത്തിയ ഉമ്മന്‍ചാണ്ടി സമരക്കാരുമായി ചര്‍ച്ച നടത്തി. ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മിക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കുമെന്ന് ഉമ്മന്‍ചാണ്ടി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിഷയം സംബന്ധിച്ച് സമരസമിതി നേതാക്കന്മാരുമായും വൈദികരുമായും താന്‍ ചര്‍ച്ച നടത്തി. സമരക്കാര്‍ പറയുന്നത് വളരെ ന്യായമായ കാര്യങ്ങളാണ്. ഇക്കാര്യം സംബന്ധിച്ച് ജനപ്രതിനിധികളുമായി ആലോചിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമം നടത്തും. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചെല്ലാനം ഭാഗത്തെ കടല്‍ ഭിത്തി നിര്‍മാണത്തിനായി പണം അനുവദിച്ചിരുന്നതാണ്. 2014 ല്‍ 110 കോടിയുടെ വിശദമായ എസ്റ്റിമേറ്റും തയ്യാറാക്കിയതാണ്. മൂന്നു തവണ ടെന്‍ഡര്‍ വിളിച്ചുവെങ്കിലും ആരും എടുക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് നിര്‍മാണം നടക്കാതെ പോയത്.  അനുവദിച്ച തുക പോലും ചെലവഴിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ തുടര്‍ നടപടിയുണ്ടായില്ല. ഇക്കാര്യം സമരം നടത്തുന്നവര്‍ക്കും അറിയാം. ഇപ്പോള്‍ സമരക്കാര്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ ന്യായമാണ്. അതിന് പരിഹാരം കണ്ടെത്തണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അഞ്ചാം ദിവസത്തിലേക്ക് കടന്ന സമരത്തില്‍ ഓരോ ദിവസവും അഞ്ച് പേരാണ് നിരാഹാരമിരിക്കുന്നത്. ഇന്നലെ പത്തോളം വൈദികര്‍ നിരാഹാരമിരുന്നു. കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കാതെ സമരത്തി ല്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ജനകീയസമിതി.
Next Story

RELATED STORIES

Share it