malappuram local

കടല്‍ഭിത്തി നിര്‍മാണത്തില്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല

പൊന്നാനി: കാപ്പിരിക്കാട് മുതല്‍ പൊന്നാനി അഴിമുഖം വരെയുള്ള തീരത്തെ കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവം തീരദേശവാസികളെ ദുരിതത്തിലാക്കുന്നു. കേവലം വോട്ട് ബാങ്കാക്കി തീരദേശവാസികളെ കബളിപ്പിക്കുക എന്നതല്ലാതെ അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കാര്യമായ പരിഹാരമാര്‍ഗങ്ങള്‍ ചെയ്യാന്‍ സര്‍ക്കാറിനോ ,അതിന് വേണ്ടി ക്രിയാത്മകമായി ഇടപെടാന്‍ എംഎല്‍എ ക്കോ ഇനിയും കഴിഞ്ഞിട്ടില്ല. അതിന്റെ പ്രത്യക്ഷ തെളിവാണ് ഇനിയും യാഥാര്‍ത്ഥ്യമാകാത്ത കടല്‍ഭിത്തി നിര്‍മ്മാണം. പൊന്നാനി തീരത്തെ കടല്‍ഭിത്തി നിര്‍മ്മാണത്തിന് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രഖ്യാപിച്ച 18 കോടിയുടെ പ്രവര്‍ത്തി ഇതുവരെയും ആരംഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ജലസേചന വകുപ്പ് വിശദമായ പദ്ധതി രേഖ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു എങ്കിലും ഇതില്‍ യാതൊരു നടപടിയും ഇനിയുമുണ്ടായില്ല. കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് മാസങ്ങള്‍ക്ക് മുന്‍പ് മല്‍സ്യത്തൊഴിലാളി യൂണിയന്‍ സിഐടിയു വിന്റെ നേതൃത്വത്തില്‍ മുറിഞ്ഞഴിയില്‍ മനുഷ്യച്ചങ്ങല തിര്‍ത്തിരുന്നു.
കടല്‍ഭിത്തി നിര്‍മ്മാണം നടക്കാതെ പോയതിനെ ചൊല്ലി യുഡിഎഫ് എംഎല്‍എ യെ കുറ്റപ്പെടുത്തുമ്പോള്‍ എംഎല്‍എ ഫണ്ട് അനുവദിക്കാത്ത സര്‍ക്കാരിനെയാണ് പഴിചാരുന്നത് .രണ്ടായാലും തീരപ്രദേശത്തുകാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഇനിയും കടലാസില്‍ ഒതുങ്ങുകയാണെന്നാണ് യാഥാര്‍ത്ഥ്യം. മുന്‍കാലങ്ങളില്‍ മഴക്കാലത്ത് മാത്രമാണ് കടലാക്രമണം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴാകട്ടെ ഏത് നിമിഷവും കടലേറ്റം പ്രതിക്ഷിക്കാവുന്ന അവസ്ഥയിലാണ് തീരമെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. കാലവര്‍ഷം അടുത്ത് എത്തിരിക്കെ കടലാക്രമണമുണ്ടായാല്‍ എന്ത് ചെയ്യുമെന്നറിയാതെ വിഷമത്തിലാണ് കടലോരവാസികള്‍.മൈലാഞ്ചിക്കാടില്‍ 80 മീറ്ററില്‍ കഴിഞ്ഞ വര്‍ഷം നിര്‍മിച്ച കടല്‍ഭിത്തി ഇതിനകം താഴ്ന്ന് പോയി.
നിര്‍മ്മാണത്തിലെ അപാകതയാണ് കടല്‍ഭിത്തി താഴാന്‍ കാരണം.കരാര്‍ പ്രകാരം അറ്റകുറ്റപ്പണി നടത്താന്‍ ബാധ്യസ്ഥനായ കരാറുകാരന്‍ ഇതിന് തയ്യാറാകുന്നില്ലെന്ന് നഗരസഭാ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഒ ഒ ശംസു പറഞ്ഞു.ഇതിന് പുറമെ ഈ കരാറുകാരന് ചട്ടവിരുദ്ധമായി കരാര്‍ തുക മുഴുവനായി നല്‍കുകയും ചെയ്തു. നിര്‍മിച്ച കടല്‍ ഭിത്തിയില്‍ തന്നെ അപാകതയാണുള്ളത്.കടല്‍ഭിത്തിക്കുവേണ്ടി നിരന്തരമായ സമരങ്ങളും പ്രക്ഷോഭങ്ങളും തീരവാസികള്‍ നടത്തിയിട്ടുണ്ട് എങ്കിലും ഒന്നിനും മുഖം കൊടുക്കാത്ത സമീപനങ്ങളാണ് സര്‍ക്കാര്‍ കഴിഞ്ഞ 5 വര്‍ഷവും സ്വീകരിച്ചത് .
കടല്‍ ഭിത്തിയുടെ കരുത്തില്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നത് . ഓരോ വര്‍ഷവും കടലാക്രമണത്തില്‍ പൊന്നാനി തീരത്ത് മീറ്റര്‍ കണക്കിന് ഭൂമിയും നിരവധി വീടുകളുമാണ് കടലെടുക്കുന്നത്.കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കടലേറ്റത്തില്‍ ഒന്നരകിലോമീറ്റര്‍ കരയാണ് കടലെടുത്തത് .നിരവധി വീടുകള്‍ പൂര്‍ണ്ണമായി തകരുകയും ചെയ്തു.ജയിച്ചാല്‍ കടല്‍ ഭിത്തി നിര്‍മ്മാണത്തിനാണ് പ്രധാന പരിഗണനയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അജയ് മോഹനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശ്രീരാമകൃഷ്ണനും ഒരു പോലെ വാഗ്ദാനം നല്‍കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നിങ്ങള്‍ എന്ത് ചെയ്തു എന്നാണ് ഓരോ വീട്ടമ്മയും ചോദിക്കുന്നത്.
Next Story

RELATED STORIES

Share it