kannur local

കടല്‍ഭിത്തി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണം: ജില്ലാ വികസന സമിതി

കണ്ണൂര്‍: കടല്‍ഭിത്തി നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. ടി വി രാജേഷ് എംഎല്‍എ യാണ് ഇതു സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം പുനര്‍നിര്‍മാണത്തിന് അനുവദിച്ച 40 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലവര്‍ഷം ശക്തമായതോടെ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. തീരദേശ റോഡ് കടലെടുക്കുകയാണ്. ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. മാട്ടൂല്‍ സൗത്ത് റോഡ് കടലെടുത്തു. പലയിടത്തും ഇതാണ് സ്ഥിതിയെന്നും എംഎല്‍എ പറഞ്ഞു. പിലാത്തറ-പഴയങ്ങാടി കെഎസ്ടിപി റോഡില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതും റോഡില്‍ റിഫഌക്ടറുകള്‍, സൈന്‍ബോര്‍ഡുകള്‍ എന്നിവയില്ലാത്തതും നിരന്തരം അപകടമുണ്ടാക്കുകയാണെന്ന് ടി വി രാജേഷ് എംഎല്‍എ ചൂണ്ടിക്കാട്ടി.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ മിച്ചഭൂമി ലഭിച്ചവര്‍ക്ക് ഇതുവരെ ഭൂമി അളന്നു നല്‍കിയിട്ടില്ല. ഭൂദാന കോളനിയില്‍ 70 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചില്ല. സര്‍ക്കാര്‍ വകുപ്പിലെ ഒഴിവുകള്‍ 10 ദിവസത്തിനകം റിപോര്‍ട്ട് ചെയ്ത് അതിന്റെ കോപ്പി എഡിഎം മുമ്പാകെ എത്തിക്കണമെന്ന് കലക്ടര്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. കൃഷിനാശം എണ്ണി തിട്ടപ്പെടുത്തി നഷ്ടപരിഹാരം ഉടന്‍ നല്‍കാന്‍ നടപടിയുണ്ടാവും. വെള്ളൂരില്‍ കീരി ശല്യം കാരണം ഒരാഴ്ചക്കകം 13 പേരെ ചികില്‍സയ്ക്ക് വിധേയമാക്കിയെന്നും മരുന്നിനായി അവര്‍ ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ടിവരുന്നതായും എംഎല്‍എ ചൂണ്ടിക്കാട്ടി.
ഉദയഗിരി ഗ്രാമപ്പഞ്ചായത്തിലെ അപ്പര്‍ചീക്കാട്, ലോവര്‍ ചീക്കാട് പട്ടികവര്‍ഗ കോളനിയില്‍ പുലിശല്യം രൂക്ഷമായത് ജയിംസ് മാത്യു എംഎല്‍എ ചൂണ്ടിക്കാട്ടി. കുറുമാത്തൂര്‍ കൂനം മിച്ചഭൂമി അളന്നുനല്‍കുമ്പോള്‍ റോഡിന്റെ സ്ഥലം കൂടി ഉള്‍പ്പെട്ടതായി കണ്ടെത്തിയ പ്രശ്‌നത്തില്‍ പട്ടയം റദ്ദ് ചെയ്ത് പകരം സ്ഥലം നല്‍കാമെന്ന് കലക്ടര്‍ പറഞ്ഞു. മറ്റു സ്ഥലങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറളത്തെ 32 കുടുംബങ്ങളുടെ ഭൂമി തരംതിരിച്ച് നല്‍കിയില്ലെന്ന് സണ്ണിജോസഫ് എംഎല്‍എ ചൂണ്ടിക്കാട്ടി.
ദേശീയ പാത വികസനത്തിനുള്ള ജില്ലയിലെ കണ്ണൂര്‍ - തളിപ്പറമ്പ് - പയ്യന്നൂര്‍ ഭാഗത്തുളള അക്വിസിഷന്‍ ഡിസംബറിനുളളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശമുണ്ടെന്ന് ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അധ്യക്ഷത വഹിച്ചു. പ്ലാനിങ് ഓഫിസര്‍ എം എ ഷീല സംസാരിച്ചു.
Next Story

RELATED STORIES

Share it