ernakulam local

കടല്‍ഭിത്തിക്കായി മല്‍സ്യതൊഴിലാളികള്‍ ബിഒടി പാലം ഉപരോധിച്ചു

മട്ടാഞ്ചേരി: രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരമേഖലയില്‍ പുലിമുട്ടുകളോട് കൂടിയ കടല്‍ഭിത്തികള്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തില്‍ മല്‍സ്യതൊഴിലാളികള്‍ നടത്തിയ തോപ്പുംപടി ബിഒടി പാലം മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് നൂറ് കണക്കിന് വരുന്ന മല്‍സ്യതൊഴിലാളികള്‍ പാലത്തിലേക്ക് മാര്‍ച്ച് നടത്തിയത്. വിവിധ ഇടവകകളിലെ വികാരിമാരുടെ നേതൃത്വത്തിലാണ് മല്‍സ്യതൊഴിലാളികള്‍ ഒരു സംഘടനയുടേയും  പിന്‍ബലമില്ലാതെ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് ശേഷം തൊഴിലാളികള്‍ പാലത്തിന്റെ കവാടവും പരിസരവും ഉപരോധിച്ചതോടെ വാഹനങ്ങള്‍ക്ക് ഒരു വഴിയിലൂടേയും പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതോടെ ഒരു മണിക്കൂറിലേറെ നേരം തോപ്പുംപടിയില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പോലിസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും വാഹനങ്ങള്‍ കടന്ന് പോകുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. ഇതിനിടെ ഗുരുതരാവസ്ഥയിലായ രോഗിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പള്ളുരുത്തിയില്‍ നിന്ന് പോകുകയായിരുന്ന ആംബുലന്‍സ് സമരക്കാര്‍ തടഞ്ഞത് അല്‍പ്പസമയം സംഘര്‍ഷത്തിനിടയാക്കി. രോഗിയെ എടുക്കുന്നതിനായി പോകുകയാണെന്ന് പറഞ്ഞിട്ടും ആംബുലന്‍സ് വിടാന്‍ സമരക്കാര്‍ തയ്യാറായില്ല. പിന്നീട് മുതിര്‍ന്നവര്‍ ഇടപെട്ട് ആംബുലന്‍സിന് വഴിയൊരുക്കി കൊടുക്കുകയായിരുന്നു. സമരം ഫാദര്‍ ആന്റണി ടോപ്പോള്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന് വന്ന സമരത്തില്‍ പല കാര്യങ്ങളിലും തീരുമാനമായെങ്കിലും പുലിമുട്ടുകളോട് കൂടിയ കടല്‍ഭിത്തി നിര്‍മ്മിക്കുന്ന കാര്യത്തില്‍ ഒഴുക്കന്‍ മട്ടിലുള്ള സമീപനമാണ് അധികൃതര്‍ സ്വീകരിച്ചതെന്ന് ആന്റണി ടോപ്പോള്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദ്രോണാചാര്യ മാതൃകയില്‍ പുലിമുട്ടുകളോട് കൂടിയ കടല്‍ ഭിത്തി നിര്‍മ്മിച്ച് ഫോര്‍ട്ട്‌കൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള തീരത്തെ ജനതയെ സംരക്ഷിക്കുക, തീരദേശത്തെ മല്‍സ്യതൊഴിലാളികള്‍ക്ക് വീട് വെക്കുന്നതിനും താമസിക്കുന്നതിനുമുള്ള തടസ്സങ്ങള്‍ നീക്കുക, ദുരന്തത്തിനിരയായവര്‍ക്ക് ന്യായമായ നഷ്ട പരിഹാരം നല്‍കുക, മരിച്ച മല്‍സ്യതൊഴിലാളികള്‍ക്ക് 25 ലക്ഷം രൂപ വീതവും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുക, മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഫാദര്‍ സാംസണ്‍ ആഞ്ഞിലിപ്പറമ്പില്‍, ഫാദര്‍ അലന്‍ ലെസ്ലി പുന്നക്കല്‍, ഫാദര്‍ മില്‍ട്ടന്‍ കളപ്പുരക്കല്‍, ഫാദര്‍ ജോര്‍ജ്ജ് ബിബിലന്‍ ആറാട്ടുകുളം, ഫാദര്‍ ജോസഫ് ചിറാപ്പള്ളി, ഫാദര്‍ മാത്യൂ മാക്‌സന്‍ അത്തിപ്പൊഴി, ഫാദര്‍ തോമസ് പനക്കല്‍, ഫാദര്‍ ജോസഫ് ചിറാപ്പള്ളി  സംസാരിച്ചു.
Next Story

RELATED STORIES

Share it