thiruvananthapuram local

കടല്‍ക്ഷോഭം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയെന്ന് യുഡിഎഫ്‌



വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ പദ്ധതിയോടനുബന്ധിച്ച് പുനരധിവാസനഷ്ടപരിഹാര പാക്കേജുകളെക്കുറിച്ച് ചര്‍ച്ച  ചെയ്യുന്നതിന് ഫിഷറീസ് വകുപ്പ് മന്ത്രി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത  യോഗത്തില്‍ കടലാക്രമണത്തോടനുബന്ധിച്ചുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അടിയന്തിരമായി ചര്‍ച്ച  ചെയ്യണമെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാരും സംഘടനാഭാരവാഹികളും മന്ത്രിയോട് ആവശ്യപ്പെട്ടു. ഏതാണ്ട് 425ഓളം കുടുംബാംഗങ്ങള്‍ കടലാക്രമണംമൂലം ഭവനരഹിതരായി. അവര്‍ക്ക്  ആശ്വാസം എത്തിക്കാനുള്ള നടപടികളില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും നിസംഗതയുമാണ് കാരണമെന്ന് ശിവകുമാര്‍ പറഞ്ഞു.  അഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ ബീമാപള്ളി, വലിയതുറ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും പല കുടുംബങ്ങളും ക്യാംപില്‍ വരാന്‍ മടിക്കുകയാണ്. വെള്ളവും വെളിച്ചവും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യമില്ലാത്തതുമാണ് അതിന് കാരണമെന്ന് നഗരസഭാ കൗണ്‍സിലര്‍ ബീമാപള്ളി റഷീദ് യോഗത്തില്‍ പറഞ്ഞു. ദുരന്തനിവാരണത്തിന് ആവശ്യമായ തുക ഇതുവരെ അനുവദിച്ചിട്ടില്ല.  മൂന്നുമാസം മുമ്പുതന്നെ കടല്‍ഭിത്തി നിര്‍മിക്കുന്നതിന്നുള്ള ആവശ്യകതയെക്കുറിച്ച്  ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും അനങ്ങാപ്പാറനയം സ്വീകരിച്ചതാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍  അഭിപ്രായപ്പെട്ടു.  കടലാക്രമണം രൂക്ഷമായിരിക്കുന്ന വലിയതുറ, ബീമാപള്ളി, പൂന്തുറ മേഖലകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്നും ബീമാപള്ളി, പൂന്തുറ പുളിമുട്ടുകളുടെ നിര്‍മാണം അടിയന്തിരമായി ആരംഭിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it