കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വിട്ടയച്ചു

ന്യൂഡല്‍ഹി/മുംബൈ: രണ്ട് മലയാളികളടക്കം 22 ഇന്ത്യക്കാരുമായി പശ്ചിമ ആഫ്രിക്കയിലെ ബെനിന്‍ തീരക്കടലില്‍ കാണാതായ എണ്ണക്കപ്പല്‍ കണ്ടെത്തി. ഫെബ്രുവരി ഒന്നിനാണ് കപ്പല്‍ കാണാതായത്. കപ്പല്‍ വിട്ടുകിട്ടുന്നതിന് മോചനദ്രവ്യം നല്‍കിയിട്ടില്ല. കപ്പലിലെ എല്ലാ ജോലിക്കാരും സുരക്ഷിതരാണെന്നും കപ്പല്‍ യാത്ര പുനരാരംഭിച്ചെന്നും അധികൃതര്‍ പറഞ്ഞു.മറൈന്‍ എക്‌സ്പ്രസ് എന്ന വ്യാപാര കപ്പലാണ് വിട്ടയച്ചത്. പ്രശ്‌നത്തില്‍ ഇടപെട്ട് സഹായം നല്‍കിയതിന് നൈജീരിയന്‍ സര്‍ക്കാരിനും ബെനിനും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നന്ദി അറിയിച്ചു. ഗിനിയ ഉള്‍ക്കടലില്‍ നങ്കൂരമിട്ട കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. കപ്പലിന് പുറംലോകവുമായുള്ള എല്ലാ ബന്ധവും കൊള്ളക്കാര്‍ വിച്ഛേദിച്ചിരുന്നു.  കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ സുരക്ഷിതമായി വിട്ടയച്ചതായി കപ്പല്‍ ഏജന്റ് ആംഗ്ലോ ഈസ്‌റ്റേണ്‍ ഫേസ്ബുക്ക് പോസ്റ്റിലും പറഞ്ഞു. മോചനദ്രവ്യമൊന്നും ആവശ്യപ്പെടാതെ കപ്പലിലെ ഉല്‍പന്നങ്ങള്‍ തട്ടിയെടുത്ത സംഭവങ്ങള്‍ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ട്. കപ്പല്‍ ഗതാഗത ഡയറക്ടറേറ്റ് ജനറല്‍ അധികൃതര്‍ നൈജീരിയയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയവുമായി സമ്പര്‍ക്കം പുലര്‍ത്തി പ്രാദേശിക ഏകോപനം സാധ്യമാക്കിയാണ് കപ്പല്‍ മോചിപ്പിച്ചത്.
Next Story

RELATED STORIES

Share it