കടല്‍ക്കൊല : രണ്ടാം നാവികന് അനുകൂലമായും സുപ്രിംകോടതി വിധി; കേസ് ഒതുക്കിത്തീര്‍ക്കാന്‍ ആസൂത്രിത നീക്കം

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികനെ തിരിച്ചയക്കാനുള്ള സുപ്രിംകോടതി ഉത്തരവ് കേസ് ഒതുക്കിതീര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണം. 2014ല്‍ തിരഞ്ഞെടുപ്പ് കാലത്ത് കടല്‍ക്കൊലക്കേസ് മുഖ്യപ്രചാരണ ആയുധങ്ങളിലൊന്നാക്കിയ നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം നടത്തിയ നടപടികള്‍ ഇത് ശരിവയ്ക്കുന്നതാണ്.
2012 ഫെബ്രുവരിയിലാണ് കൊല്ലം തീരത്തിനടുത്ത് ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയില്‍നിന്ന് മല്‍സ്യബന്ധന ബോട്ടായ സെന്റ് അന്റണീസിന് നേരെ വെടിവയ്പുണ്ടായത്. കൊല്ലം മുതാക്കര ഡെറിക് വില്ലയില്‍ ജലസ്റ്റിന്‍ (50), കളിയിക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ അജീഷ് ബിങ്കി (21) എന്നിവര്‍ വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷം വെടിയുതിര്‍ത്ത കപ്പലിലെ നാവികരായ സാല്‍വത്തോറെ ജിറോണ്‍, മാസിമിലിയാനോ ലെസ്‌തോറെ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
ജയിലില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് 2012ല്‍ ക്രിസ്മസ് ആഘോഷത്തിന് നാട്ടില്‍ പോവാന്‍ യുപിഎ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊഴുക്കവെ 2014 മാര്‍ച്ച് 31ന് കടല്‍ക്കൊലക്കേസ് ദേശീയ പ്രശ്‌നമാക്കി ഉയര്‍ത്തി ക്കാട്ടി മോദി രംഗത്ത് വരികയും ചെയ്തു.
എന്നാല്‍, മോദി അധികാരത്തിലേറിയ ശേഷം 2014 സപ്തംബറില്‍ പ്രതികളിലൊരാളായ നാവികന്‍ മാസിമിലിയാനോ ലെസ്‌തോറെയെ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാല് മാസത്തേക്ക് ഇറ്റയിലേക്ക് പോവാന്‍ സുപ്രിംകോടതി അനുവദിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ സമ്മതത്തെ തുടര്‍ന്നായിരുന്നു കോടതി നടപടി. കഴിഞ്ഞ ജൂലൈയില്‍ ഇറ്റലി ഇന്ത്യക്കെതിരേ അന്താരാഷ്ട്ര കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. വിചാരണ ഇന്ത്യ നിര്‍ത്തിവയ്ക്കണമെന്ന് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടു. ട്രൈബ്യൂണലിന് മുന്നില്‍ ഇറ്റലിയുടെ വാദത്തെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ അഭിഭാഷകര്‍ക്കായില്ല.
ഇതിനിടെയാണ് വീണ്ടും കേസിലെ മറ്റൊരു പ്രതിയായ സാ ല്‍വത്തോറെ ജിറോണും തനിക്കും നാട്ടില്‍ പോവണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഈ ആവശ്യം കോടതി പരിഗണിക്കുമ്പോഴും നാവികന് നാട്ടില്‍ പോവാന്‍ എതിര്‍പ്പില്ലെന്ന നിലപാടാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇതാണ് ഇപ്പോള്‍ അനുകൂലമായി വിധിയുണ്ടാവാന്‍ കാരണം. ഇന്ത്യ-ഇറ്റലി ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള മോദിസര്‍ക്കാരിന്റെ നടപടിയുടെ ഭാഗമായാണ് കോടതിയില്‍ അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നിലെന്ന് ആരോപണമുണ്ട്.
Next Story

RELATED STORIES

Share it