കടല്‍ക്കൊല: നാവികനെ മോചിപ്പിക്കണം- യുഎന്‍ കോടതി

റോം: കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികനെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭാ മധ്യസ്ഥ കോടതി. നാലുവര്‍ഷത്തിലേറെയായി ഡല്‍ഹിയില്‍ തടവിലുള്ള സാല്‍വത്തോറെ ജിറോണിനെ വിട്ടയക്കണമെന്നാണ് ഉത്തരവ്. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ഉത്തരവ് ഇന്ന് പുറത്തുവിടുമെന്ന് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ അന്‍സ റിപോര്‍ട്ട് ചെയ്തു.
നേരത്തെ നാവികനെ ഉപാധികളോടെ വിട്ടയക്കാമെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ അറിയിച്ചിരുന്നു. നെതര്‍ലന്റ്‌സ് ഹേഗിലെ യുഎന്‍ മധ്യസ്ഥ സ്ഥിരം കോടതിയിലാണ് (പിസിഐ) കേസിന്റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഇറ്റലി പിസിഐയെ സമീപിച്ചത്. യാതൊരു കുറ്റവും ചുമത്താതെ തടവിലിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഇറ്റലിയുടെ വാദം.
ഇന്ത്യയിലെ കേസ് വിചാരണയില്‍ താമസം നേരിടുന്നതിനാലാണ് ഇറ്റലി അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. 2012 ഫെബ്രുവരി 15നാണ് കൊല്ലം നീണ്ടകരയില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ട രണ്ടു തൊഴിലാളികള്‍ വെടിയേറ്റു മരിച്ചത്.
എന്റിക്കലെക്‌സി എന്ന ഇറ്റാലിയന്‍ ചരക്കുകപ്പലിലെ നാവികരായ ലസ്‌തോറെ മാസി മിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണു വെടിയുതിര്‍ത്തത്. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിവച്ചതെന്നായിരുന്നു ഇറ്റലിയുടെ വാദം. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ലസ്‌തോറെ നാട്ടിലേക്കു മടങ്ങിയിരുന്നു.
എന്നാല്‍, മധ്യസ്ഥ കോടതിയുടെ ഉത്തരവ് ഇറ്റലി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും ഏതെങ്കിലുമൊരു നാവികനെ വെറുതെവിടുകയോ കുറ്റവിമുക്തനാക്കുകയോ ചെയ്തിട്ടില്ലെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കാനുള്ള ശുപാര്‍ശ നല്‍കുക മാത്രമേ അന്താരാഷ്ട്ര കോടതി ചെയ്തിട്ടുള്ളൂവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it