കടല്‍ക്കൊല: നാവികനു വേണ്ടിയുള്ള ഇറ്റലിയുടെ ഹരജി നടപടിക്രമങ്ങളെ അവമതിക്കലാണെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ കുറ്റംചുമത്തപ്പെട്ട നാവികന്‍ സാല്‍വത്തോറെ ജിറോണിനു വേണ്ടി രാജ്യാന്തര തര്‍ക്കപരിഹാര കോടതിയില്‍ ഇറ്റലി നടത്തിയ ഇടപെടലിനെതിരേ ഇന്ത്യ. കേസ് തീര്‍പ്പാവുന്നതു വരെ നിലവില്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയുന്ന സാല്‍വത്തോറെ ജിറോണിനെ നാട്ടിലേക്കുവിടണമെന്ന ഇറ്റലിയുടെ ആവശ്യം കേസിന്റെ നടപടികളെ അവമതിക്കലാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇറ്റലിയുടെ ആവശ്യം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ അറിയിച്ചു. കേസില്‍ കൂട്ടുപ്രതിയായ മറ്റൊരു നാവികന്‍ മാസിമിലാനോ ലത്തോറെ നാട്ടില്‍തന്നെയാണ്.
മസ്തിഷ്‌ക്കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് 2014 സപ്തംബറില്‍ നാട്ടിലേക്കു പോയ നാവികന് ജനുവരിയില്‍ നാട്ടില്‍ തങ്ങാന്‍ മൂന്നരമാസം കൂടി സമയം സുപ്രിംകോടതി നീട്ടിനല്‍കിയിരുന്നു. ഈ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കുകയാണ്. നേരത്തെ ഹാംബര്‍ഗ് ആസ്ഥാനമായ രാജ്യാന്തര കോടതി നിരസിച്ച ആവശ്യം വീണ്ടും ഉന്നയിക്കുകയാണ് ഇറ്റലി.
സമുദ്രാതിര്‍ത്തി സംബന്ധിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന കോടതി (ഐടിഎല്‍ഒഎസ്) അന്ന് കേസ് പരിഗണിക്കുന്നതിനിടെ പുറപ്പെടുവിച്ച അഭിപ്രായങ്ങളില്‍ ഇപ്പോള്‍ ഒരുമാറ്റവുമില്ലാതിരിക്കെ, ഇപ്പോഴത്തെ ഇറ്റലിയുടെ ആവശ്യം അടിസ്ഥാനമില്ലാത്തതും അനവസരത്തിലുള്ളതുമാണെന്ന് ഇന്ത്യ വ്യക്തമാക്കി. കടല്‍ക്കൊലക്കേസ് ഈ മാസം 13ന് സുപ്രിംകോടതി പരിഗണിക്കും.
Next Story

RELATED STORIES

Share it