കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന് സുപ്രിംകോടതി കാലാവധി നീട്ടിനല്‍കി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കേരള തീരത്ത് രണ്ട് മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലത്തോറെയ്ക്ക് ഏപ്രില്‍ 30 വരെ ഇറ്റലിയില്‍ തങ്ങാന്‍ സുപ്രിംകോടതി അനുമതി. ചികില്‍സ ആവശ്യം അംഗീകരിച്ചാണ് മാസിമിലാനോ ലെത്തോറെയ്ക്ക് സുപ്രിംകോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. ചികില്‍സയ്ക്കായി നാട്ടില്‍പോയ നാവികനെ തിരിച്ചയക്കില്ലെന്ന് കഴിഞ്ഞദിവസം ഇറ്റലി വ്യക്തമാക്കിയതിനു പിന്നാലെയാണ് സുപ്രിംകോടതി മൂന്നര മാസം കൂടി നീട്ടി നല്‍കിയിരിക്കുന്നത്.
എന്നാല്‍, അന്താരാഷ്ട്ര മധ്യസ്ഥ ചര്‍ച്ചയും നടപടികളും അവസാനിക്കുന്നതു വരെ കാലാവധി നീട്ടണമെന്ന ഇറ്റലിയുടെ ആവശ്യം കോടതി തള്ളി. കേസ് ഏപ്രില്‍ 30ന് വീണ്ടും പരിഗണിക്കും. കാലാവധി നീട്ടുന്നതിനെ കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. മസ്തിഷ്‌ക്കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് 2014 സപ്തംബറില്‍ ഇറ്റലിയിലേക്കു പോയ നാവികനു പലതവണയായി കാലാവധി നീട്ടിനല്‍കുകയായിരുന്നു. ആദ്യം നാലു മാസത്തേക്കാണ് കോടതി അനുമതി നല്‍കിയിരുന്നത്. പിന്നീട് പല തവണയായി കാലാവധി നീട്ടിനല്‍കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 14നാണ് അവസാനമായി സുപ്രിംകോടതി ഇദ്ദേഹത്തിന് ആറുമാസത്തേക്ക് കാലാവധി നീട്ടി നല്‍കിയത്. ഈ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മാസിമിലാനോ ലത്തോറെയെ വിട്ടുനല്‍കില്ലെന്ന് കഴിഞ്ഞദിവസം ഇറ്റാലിയന്‍ സെനറ്റ് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ അനുകൂല വിധി ഉണ്ടായിരിക്കുന്നത്.
കേസ് രാജ്യാന്തര തര്‍ക്കപരിഹാര കോടതിയുടെ പരിഗണനയിലായതിനാല്‍ മാസിമിലാനോയെ ഇന്ത്യയിലേക്കു തിരിച്ചയക്കില്ലെന്നും കൂട്ടുപ്രതിയായ നാവികന്‍ സാല്‍വതോറെ ജിറോണിനെ കൂടി നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുമെന്നും ഇറ്റാലിയന്‍ സെനറ്റ് ഡിഫന്‍സ് കമ്മറ്റി പ്രസിഡന്റ് നിക്കോള ലെത്തോറ പറഞ്ഞിരുന്നു.
സാല്‍വതോറെ ജിറോണ്‍ നിലവില്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ ജാമ്യത്തില്‍ കഴിയുകയാണ്. നാവികനെ തിരിച്ചെത്തിക്കില്ലെന്ന ഇറ്റലിയുടെ നിലപാടിനെ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ എതിര്‍ക്കാതിരുന്നതോടെയാണ് നാവികന് അനുകൂലമായ കോടതി നടപടി. ഇപ്പോള്‍ രാജ്യാന്തര കോടതിയില്‍ ഉള്ള കേസിന്റെ നടപടികള്‍ ഈ മാസം 18നു തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോടതിയില്‍ കര്‍ശനനിലപാട് സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
രാജ്യാന്തര മധ്യസ്ഥ ചര്‍ച്ചയെക്കുറിച്ച് ഏപ്രില്‍ 13നകം വിശദമായ റിപോര്‍ട്ട് നല്‍കണമെന്ന് കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. 2012 ഫെബ്രുവരി 15ന് കൊല്ലം നീണ്ടകരയില്‍ നിന്നു മല്‍സ്യബന്ധനത്തിനു പോയ സെന്റ് ആന്റണീസ് ബോട്ടിനു നേരെ ഇറ്റാലിയന്‍ നാവികര്‍ നടത്തിയ വെടിവയ്പില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ അജീഷ് ബിങ്കി (21) എന്നിവരാണു കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it