കടല്‍ക്കൊലക്കേസ് കേരളം വിട്ടുവീഴ്ചയില്ലാത്ത നിലപാട്  സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികളെ അകാരണമായി വെടിവച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ പ്രത്യേക അനുമതി വാങ്ങി ഇറ്റലിയിലേക്ക് പോയശേഷം മടങ്ങിവരില്ലെന്ന നിലപാടിനോട് ഒരുവിധത്തിലും സര്‍ക്കാരിന് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ല. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കണം.
നിരപരാധികളായ രണ്ട് മല്‍സ്യത്തൊഴിലാളികളെ വെടിവച്ച്‌കൊന്നിട്ട് രക്ഷപ്പെടാന്‍ ആര് ശ്രമിച്ചാലും പരാജയപ്പെടുത്തേണ്ടത് രാജ്യത്തിന്റെ കടമയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നയതന്ത്രപ്രതിനിധികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നാവികരെ വിട്ടുകൊടുത്തത്. അതുകൊണ്ട് അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം.
നാവികര്‍ക്കെതിരായ കേസ് കോടതിയില്‍ വിചാരണയിലിരിക്കുകയാണ്. ഇറ്റാലിയന്‍ സര്‍ക്കാരും മറ്റു നയതന്ത്രകേന്ദ്രങ്ങളും ഇന്ത്യന്‍ നിയമത്തിനു മുന്നിലും ഇന്ത്യന്‍ മണ്ണിലും വിചാരണ നടത്താതിരിക്കാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍, അതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തു.
ഹൈക്കോടതിയും സുപ്രിംകോടതിയും കേരളത്തിന്റെ നിലപാട് ശരിയാണെന്ന് വിധിച്ചു. അന്നും പ്രത്യേക അനുമതി വാങ്ങി ഇറ്റലിയിലേക്കു പോയ നാവികര്‍ തിരിച്ചുവരില്ലെന്ന് അറിയിച്ചെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് തിരികെയെത്തിച്ച് ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയരാക്കിയത്. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരും ഇത്തരത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it