കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍നാവികന്‍ നാട്ടില്‍ തിരിച്ചെത്തി

റോം: കേരളതീരത്ത് രണ്ടു മല്‍സ്യത്തൊഴിലാഴികളെ വെടിവച്ചു കൊന്ന കേസില്‍ സുപ്രിംകോടതിയില്‍നിന്നു യാത്രാനുമതി ലഭിച്ച ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണ്‍ സ്വദേശമായ റോമിലെത്തി. തികച്ചും വികാരനിര്‍ഭരമായ വരവേല്‍പ്പായിരുന്നു കുടുംബാംഗങ്ങള്‍ ക്യാംപിനോ വിമാനത്താവളത്തില്‍ നല്‍കിയത്. ഭാര്യയും കുട്ടികളും പിതാവും സ്വീകരിക്കാനെത്തി. സൈനികവേഷത്തിലെത്തിയ നാവികനെ ഇറ്റാലിയന്‍ പ്രതിരോധമന്ത്രി റോബര്‍ട്ട പിനോട്ടി ആശ്ലേഷിച്ചു. കൂടാതെ, വിദേശകാര്യമന്ത്രി, ഉയര്‍ന്ന നാവിക ഉദ്യോഗസ്ഥര്‍ എന്നിവരും സ്വീകരിച്ചു. ശേഷം പ്രതിരോധമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കേസിനെത്തുടര്‍ന്നു നാലുവര്‍ഷമായി ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയുകയായിരുന്നു സാല്‍വത്തോറെ ജിറോണ്‍. ജര്‍മനിയിലെ സമുദ്രതര്‍ക്ക പരിഹാര കോടതിയില്‍ കേസ് തീര്‍പ്പാവുന്നതുവരെ ജിറോണിനെ ഇറ്റലിയിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്നു  ഐക്യരാഷ്ട്രസഭാ മധ്യസ്ഥ സ്ഥിരംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സുപ്രിംകോടതിയാണു നിലപാട് എടുക്കേണ്ടതെന്നായിരുന്നു ഇന്ത്യയുടെ വാദം. തുടര്‍ന്നാണ് ജിറോണ്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഹരജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കാതിരുന്നതോടെ നാവികന്റെ പാസ്‌പോര്‍ട്ടെങ്കിലും വാങ്ങിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി. എന്നാല്‍, ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it