കടല്‍ക്കൊലക്കേസ്; ഇറ്റാലിയന്‍ നാവികന് സ്വദേശത്ത് തുടരാം: സുപ്രിംകോടതി

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലിയാനോ ലത്തോറക്ക് സ്വദേശത്തു തുടരാമെന്ന് സുപ്രിംകോടതി. സപ്തംബര്‍ 30 വരെ ഇറ്റലിയില്‍ തുടരാമെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടത്.
എന്നാല്‍, ഈ കാലയളവിനുള്ളില്‍ നിയമനടപടികളുമായി ബന്ധപ്പെട്ട് ആവശ്യമുണ്ടെങ്കില്‍ ലത്തോറ ഇന്ത്യയില്‍ വരുമെന്ന രേഖാമൂലമുള്ള ഉറപ്പ് ഏപ്രില്‍ 30നു മുമ്പ് നല്‍കണമെന്നും ഡല്‍ഹിയിലുള്ള ഇറ്റാലിയന്‍ അധികൃതരോട് ജസ്റ്റിസുമാരായ എ ആര്‍ ദവെ, കുര്യന്‍ ജോസഫ്, അമിതാവ് റോയ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു. ഇന്ത്യയില്‍ വിചാരണ നടക്കുന്നില്ലാത്ത സാഹചര്യത്തില്‍ ലത്തോറയ്ക്ക് ഇറ്റലിയില്‍ കഴിയാനുള്ള കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടിക്കിട്ടണമെന്ന് നാവികനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി ആവശ്യപ്പെട്ടെങ്കിലും കോടതി ഇതു തള്ളുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കോടതിയില്‍ നടക്കുന്ന വിചാരണ 2018 ഡിസംബറോടെ പൂര്‍ത്തിയാവുമെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കോടതിയെ അറിയിച്ചു. 2019 വരെ നടപടികള്‍ നീട്ടണമെന്ന ആവശ്യം ഇന്ത്യ തള്ളിയതായും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കോടതിയില്‍ നടക്കുന്ന വിചാരണയുടെ നില അറിയിക്കണമെന്ന് ജനുവരി 13ന് സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
അന്താരാഷ്ട്ര കോടതിയില്‍ വിചാരണ നടക്കുന്നതിനാല്‍ പ്രതികളുടെ വിചാരണ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ക്രിമിനല്‍ നടപടികള്‍ എല്ലാം സുപ്രിംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.2012 ഫെബ്രുവരി 19നാണ് കേരള തീരത്തുവച്ച് സല്‍വത്തോറെ ഗിറോണെ, മാസിമിലിയാനോ ലാത്തൊറെ എന്നീ ഇറ്റാലിയന്‍ നാവികര്‍ ചരക്കുകപ്പലായ എന്റിക്ക ലക്‌സിയില്‍ നിന്ന് മല്‍സ്യബന്ധന ബോട്ടിനു നേരെ വെടിയുതിര്‍ത്തത്. ഇവരുടെ വെടിയേറ്റ് രണ്ട് മല്‍സ്യബന്ധന തൊഴിലാളികള്‍ മരിച്ചു. 2014 ആഗസ്തില്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് നാലു മാസത്തേക്ക് നാട്ടില്‍ പോവാനാണ് ലത്തോറയ്ക്ക് സുപ്രിംകോടതി അനുമതി നല്‍കിയത്. ഇതു പിന്നീട് നീട്ടി നല്‍കുകയായിരുന്നു. സപ്തംബര്‍ 20ന് കേസ് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it