കടല്‍കാക്കകള്‍ വിരുന്നെത്തി നിളയോരം

പൊന്നാനി: നിളയില്‍ ഇതു ദേശാടനപ്പക്ഷികളുടെ ഉല്‍സവകാലം. ഭാരതപ്പുഴയിലാകെ പക്ഷിക്കൂട്ടങ്ങള്‍ പറന്നിറങ്ങുന്നു. വന്‍കരകള്‍ കടന്നെത്തുന്ന കടല്‍കാക്കകള്‍. ആഫ്രിക്കയും യൂറോപ്പും കടന്നുവന്ന പക്ഷികളുണ്ട് കൂട്ടത്തില്‍. ദേശാടനക്കാരായ ആയിരക്കണക്കിനു കടല്‍കാക്കകളാണു ഭാരതപ്പുഴയോരത്തു വിരുന്നിനെത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഭാരതപ്പുഴയോരത്ത് ആയിരക്കണക്കിനു കടല്‍കാക്കകള്‍ വിരുന്നിനെത്തുന്നുണ്ടെന്നു പക്ഷിനിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭാരതപ്പുഴയുടെ ചെമ്പിക്കല്‍ മുതല്‍ പറപ്പര്‍ വരെയുള്ള ഭാഗങ്ങളിലാണു കടല്‍കാക്കകള്‍ ഒന്നിച്ചെത്തുന്നത്. സാധാരണ കടല്‍ത്തീരങ്ങളിലെത്തുന്ന കടല്‍കാക്കകള്‍ നവംബര്‍ മുതല്‍ മെയ് അവസാനം വരെയുള്ള കാലയളവില്‍ നിളയോരത്തു വിരുന്നിനെത്താറുണ്ടെന്നു പക്ഷിനിരീക്ഷകനായ ഉമ്മര്‍ പറയുന്നു. പുഴയിലും കായലിലും കടല്‍മല്‍സ്യങ്ങള്‍ യഥേഷ്ടം ലഭിക്കുന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി ഇതാണു സ്ഥിതി. എന്നാല്‍ ശുദ്ധജലത്തില്‍ സാധാരണ കണ്ടുവരുന്ന ഭീമന്‍ ആമകളുടെയും മല്‍സ്യങ്ങളുടെയും എണ്ണത്തില്‍ വന്‍ കുറവുമാണു കാണപ്പെടുന്നത്. ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷനല്‍ (ഐബിഎ)യുടെ പട്ടികയില്‍പ്പെടുന്നതാണു ഭാരതപ്പുഴയോരത്തെ പക്ഷിസങ്കേതം. അതേസമയം കടല്‍ കാക്കകള്‍ ശുദ്ധജല തീരങ്ങള്‍ തേടിയെത്തുന്നതു പുതുമയുള്ള കാര്യമെല്ലന്നും പെരിയാറിലും ഇത്തരത്തില്‍ യഥേഷ്ടം കടല്‍കാക്കകളെ കണ്ടെത്തിയിട്ടുണ്ടെന്നും തൃശൂര്‍ മണ്ണുത്തി സര്‍വകലാശാലയിലെ വന്യജീവി വിഭാഗം വകുപ്പ് തലവനായ ഡോ. നമീര്‍ പറയുന്നു.
Next Story

RELATED STORIES

Share it