Flash News

കടലോളം ആശങ്കകളുമായി തീരദേശം; ഇന്ന് ലോക സമുദ്രദിനം

ഫഖ്‌റുദ്ധീന്‍  പന്താവൂര്‍
പൊന്നാനി: മാലിന്യപൂരിതമായ കടലും കടല്‍ത്തീരങ്ങളുമാണ് ഇന്നിന്റെ തീരാശാപം. സമുദ്രങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനുമാണ് ഈ ദിനാചരണം. കടലും കടല്‍ത്തീരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാന്‍ ശരിയായ നടപടികള്‍ ഇനിയുമുണ്ടാവുന്നില്ല. കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍നിന്ന് കടല്‍പ്പക്ഷികള്‍ ഭീഷണി നേരിടുന്നു. 90 ശതമാനം കടല്‍പ്പക്ഷികളുടെയും വയറ് പ്ലാസ്റ്റിക് മാലിന്യംകൊണ്ട് നിറയുന്നുവെന്നാണ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ കണ്ടെത്തല്‍. ഇത് കൊടും പാരിസ്ഥിതിക ദുരന്തത്തിന് കാരണമാവുമെന്ന് പഠനം നടത്തിയ സെന്‍ട്രല്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഗവേഷകര്‍ പറയുന്നു.
മനുഷ്യവാസമേഖലകളില്‍ നിന്ന് കടലിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ,് കടല്‍പ്പക്ഷികള്‍ അബദ്ധത്തില്‍ ഭക്ഷണമാക്കുന്നത്. പലപ്പോഴും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ തിളങ്ങുന്ന നിറം കണ്ട് ഭക്ഷണമെന്ന് തെറ്റിദ്ധരിച്ചാണ് ഇവ അകത്താക്കുന്നത്. പ്ലാസ്റ്റിക് വയറ്റിലെത്തുന്നതോടെ ഇവയുടെ ശരീരഭാരം ഗണ്യമായി കുറയുന്നു. അമിതമായാല്‍ മരണത്തിനും കാരണമാവും. ലോകത്തിലെ ഏറ്റവും മലിനമായ കടലോരങ്ങളുടെ പട്ടികയില്‍ കേരള തീരവുമുണ്ട്. പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളും കടലിലേക്കു വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ജര്‍മനിയിലെ ആല്‍ഫ്രഡ് വെഗ്നര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിലാണ് കേരളവും ഉള്‍പ്പെട്ടത്. മുംബൈ ജുഹു ബീച്ചും ആന്തമാനുമാണു മറ്റു രണ്ടു മോശം കടലോരങ്ങള്‍. ലോകത്തെ 1,257 കടലോരങ്ങളിലായിരുന്നു പഠനം. ഇന്ത്യന്‍ മഹാസമുദ്രം ഉള്‍പ്പെടെയുള്ള സമുദ്രങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിലും മെഡിറ്ററേനിയന്‍ കടലിലും ആസ്ത്രേലിയന്‍ തീരത്തും ആറുവര്‍ഷം നീണ്ട പര്യവേക്ഷണങ്ങളിലൂടെ കടലിലേക്ക് മനുഷ്യര്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ എണ്ണം 5.25 ലക്ഷം കോടിയാണെന്നു കണ്ടെത്തി. ഇവയുടെ ഭാരം 2.69 ലക്ഷം ടണ്‍ വരും. സമുദ്രങ്ങളുടെ സംരക്ഷണത്തിന് ലോകമെമ്പാടും 17000 ഓളം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ പ്രധാനമായും മമ്പറം ഇന്ദിരാഗാഡി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ കടല്‍ത്തീരത്ത് വിവിധ ബോധവല്‍ ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
2009 മുതലാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി ലോക സമുദ്രദിനം ആചരിച്ചുതുടങ്ങിയത്. 1992 ജൂണില്‍ റിയോ ഡി ജെനയ്‌റോയിലെ ഭൗമ ഉച്ചകോടിയിലാണ് സമുദ്രങ്ങള്‍ക്കു വേണ്ടി ഒരു ദിനം എന്ന ആശയം കാനഡ മുന്നോട്ടുവച്ചത്. അന്നു മുതല്‍ പല പരിസ്ഥിതിസംഘടനകളും ജൂണ്‍ 8 സമുദ്രദിനമായി ആചരിച്ചുപോന്നു. 2008ല്‍ കടലുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പ്രാധാന്യം അംഗീകരിച്ച യുഎന്‍, അന്താരാഷ്ട്ര സമുദ്രദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it