malappuram local

കടലുണ്ടിപ്പുഴ; ബാക്കിക്കയം റഗുലേറ്റര്‍ പ്രവര്‍ത്തനസജ്ജമാവുന്നു



വേങ്ങര: കടലുണ്ടി പുഴയിലെ ഏറ്റവും വലുതും ജില്ലയിലെ വന്‍കിട പദ്ധതികളില്‍ രണ്ടാമത്തേതുമായ റഗുലേറ്ററിന്റെ നിര്‍മ്മാണജോലികള്‍ വലിയോറ ബാക്കിക്കയത്ത് പൂര്‍ത്തിയായി. ഷട്ടര്‍ സ്ഥാപിക്കല്‍ പൂര്‍ണ്ണമായും റഗുലേറ്ററിനോട് ചേര്‍ന്ന് പുഴക്ക് ഇരുപുറമുള്ളപാര്‍ശ്വഭിത്തിയുടെ കോണ്‍ക്രീറ്റ്് ജോലികള്‍ ഭാഗികമായും തീര്‍ന്നു. അവസാന ഘട്ട മിനുക്കു പണികളും പുഴയില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ബണ്ടിന്റെ മണ്ണ് നീക്കം ചെയ്യലും പുരോഗമിക്കുന്നു. കാലവര്‍ഷം ശക്തി പ്രാപിക്കും മുമ്പെ മുഴുവന്‍ ജോലികളുംപൂര്‍ത്തികരിക്കാനാണ് നീക്കം. 12 മീറ്ററര്‍ നീളത്തില്‍ നാലും 6 മീറ്റര്‍നീളത്തില്‍ രണ്ടുമടക്കം ആറ് ഷട്ടറുകളും 70 മീറ്റര്‍ വീതിയും 6 മീറ്റര്‍ ഉയരവുമാണ് റഗുലേറ്ററിനുള്ളത്.പുഴക്കിരുവശവും മുകളിലേക്ക് 250 മീറ്ററും താഴേക്ക് 100 മീറ്ററും കോണ്‍ക്രീറ്റ്ഭിത്തി സംരക്ഷണവും ഒരുക്കിയിട്ടുണ്ട്. 20 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 2016 ഫെബ്രുവരി 27 ന് മന്ത്രി പി ജെ ജോസഫാണ് തറക്കല്ലിട്ടത്. ഒമ്പത് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഫൗണ്ടേഷന്‍ ജോലികള്‍പൂര്‍ത്തിയാകും മുമ്പെ കാലവര്‍ഷം ആരംഭിക്കുകയും പുഴയിലെ നീരൊഴുക്ക് കൂടി നിര്‍മ്മാണജോലികള്‍ തടസ്സപെടുകയായിരുന്നു. ശേഷം 2017 ഫെബ്രുവരിയോടെയാണ് ജോലികള്‍ പുനരാംഭിച്ചത്. പദ്ധതി പ്രവര്‍ത്തന സജ്ജമാവുന്നതോടെ പുഴയില്‍ 10 കിലോമീറ്റര്‍ ദൂരത്തോളം ജലം കെട്ടി നിര്‍ത്താനാവുമെന്നാണ് അധികൃതര്‍ പറയുന്നത്. വേങ്ങര, പറപ്പൂര്‍, എടരിക്കോട്, തെന്നല, ഒഴൂര്‍, ഊരകം, കണ്ണമംഗലം, ഒതുക്കുങ്ങല്‍ എന്നീ പഞ്ചായത്തുകളിലെയും കോട്ടക്കല്‍, തിരൂരങ്ങാടി നഗര സഭകളിലെയും വിവിധ ശുദ്ധജല പദ്ധതികള്‍ക്കും കാര്‍ഷിക ജലസേചനത്തിനും ഇത് ഗുണകരമാവുമെന്നും അവര്‍ അവകാശപ്പെടുന്നു.അതേ സമയം തൊട്ടടുത്ത പറപ്പൂര്‍ കല്ലക്കയത്ത് 3.92 കോടി ചെലവിട്ട് കഴിഞ്ഞ വര്‍ഷം നിര്‍മിച്ച സ്ഥിരം തടയണ പരാജയപ്പെട്ട സാഹചര്യത്തില്‍ ഈ അവകാശ വാദത്തെ ആശങ്കയോടെയാണ് ജനം കാണുന്നത്. കല്ലക്കയത്തിന്റെ പോരായ്മ കൂടി ബാക്കിക്കയം റഗുലേറ്റര്‍ കൊണ്ട് പരിഹരിക്കാനാവും എന്ന വാദവും നിലനില്‍ക്കുന്നു.
Next Story

RELATED STORIES

Share it