malappuram local

കടലുണ്ടിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല

തിരൂരങ്ങാടി: രണ്ടാഴ്ച മുമ്പ് മൂന്നിയൂര്‍ കുണ്ടംകടവ് ഭാഗത്ത് കടലുണ്ടിപ്പുഴയില്‍ തോണി മറിഞ്ഞ് കാണാതായ പരപ്പനങ്ങാടി അറ്റത്തങ്ങാടി സദക്കായി പറമ്പ് ഗഫൂറിന്റെ മകനും പാലത്തിങ്ങല്‍ എഎംഎല്‍പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് സിനാന്(12) കണ്ടെത്താന്‍ പി കെ അബ്ദുറബ്ബ് എംഎല്‍എയുടെയും പരപ്പനങ്ങാടി നഗരസഭ അധികൃതരുടെയും മറ്റും നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. പരപ്പനങ്ങാടി ഉള്ളണം ഭാഗത്ത് നിന്നും രാവിലെ 10 മണി മുതല്‍ ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍, മല്‍സ്യതൊഴിലാളികള്‍, എന്നിവരുടെ നേതൃത്വത്തില്‍ കടലുണ്ടി പുഴയിലെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തി. രാവിലെ 10 മണി മുതല്‍ തന്നെ നൂറോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ സജീവമായി പുഴയിലിറങ്ങി തിരച്ചില്‍ ആരംഭിച്ചിരുന്നു. വൈകീട്ട് നാലുമണി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ആഗസ്ത് 16നാണ് കുണ്ടംകടവില്‍ വെച്ച് മുഹമ്മദ് സിനാന്‍ ഒഴുക്കില്‍പെട്ടത്. ഉമ്മയുടെ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു സിനാന്‍.അമ്മാവന്റെയും ബന്ധുക്കളായ മറ്റുരണ്ടു കുട്ടികളുടേയുമൊപ്പം വയലില്‍ തോണി തുഴയുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. അമ്മാവന്‍ നീന്തിക്കയറുകയും മറ്റു രണ്ടുകുട്ടികളെ രണ്ടു കി.മി അകലെ മുരിക്കുംതറ ഭാഗത്തുവെച്ച് യുവാവ് രക്ഷപ്പെടുത്തുകയും ചെയ്തു. ഒഴുക്കില്‍പ്പെട്ട മുഹമ്മദ് സിനാനെ കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. പ്രളയത്തെ തുടര്‍ന്ന് പുഴയില്‍ ശക്തമായ ഒഴുക്ക് കാരണം വ്യാപകമായി തിരച്ചില്‍ നടത്താനും കഴിഞ്ഞിരുന്നില്ല. കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടി ഇന്നലെ ജനകീയമായി നടത്തിയ തെരച്ചിലും വിഫലമായി.
Next Story

RELATED STORIES

Share it