കടലുകള്‍ കടന്ന് ഈ കടല്‍ത്തീരത്തെ കാല്‍പ്പന്തുകളി ആരവം

ശ്രീകുമാര്‍  നിയതി
കോഴിക്കോട്: ആഴിത്തിരമാലകള്‍ ആര്‍ത്തട്ടഹസിക്കുന്ന കാലവര്‍ഷത്തെ വകഞ്ഞുമാറ്റി കാല്‍പ്പന്തുകളിയുടെ ആരവങ്ങളാണ് ഈ കടല്‍ത്തീര ഭൂമിയില്‍ ഉയരുന്നത്. ട്രോളിങ് നിരോധനവും വറുതിയും ഒന്നും ഈ ദേശത്തെ ഇക്കുറി ബാധിച്ചിട്ടില്ല. കാരണം ലോക ഫുട്‌ബോളിന്റെ ആവേശം ഇവിടത്തുകാരുടെ അണുവിലെങ്ങും തീപിടിച്ചുയരുന്നു. അവരാരും ഉറങ്ങാതെ, രാവേറെ ചെല്ലും വരെയും ബിഗ് സ്‌ക്രീനിന്റെ മുമ്പിലാണ്. സാവോപോളോ സ്‌റ്റേഡിയത്തിലെ ലക്ഷക്കണക്കിനു വരുന്ന ഫുട്‌ബോ ള്‍ ആരാധകരുടെ ആര്‍പ്പുവിളികളേക്കാളും ഉച്ചസ്ഥായിയിലാണ് ഈ സാധാരണക്കാരില്‍ സാധാരണക്കാരുടെ ആഹ്ലാദാരവം.
ഇത്രയൊക്കെ പറഞ്ഞത് കോഴിക്കോട് തെക്കുംതല കടപ്പുറത്തിനടുത്ത നൈനാംവളപ്പുകാരെ കുറിച്ചാണ്. ലോകത്തിന്റെ ഏത് മൂലയില്‍ ഫുട്‌ബോള്‍ ഉരുണ്ടാലും നൈനാംവളപ്പില്‍ അതിന്റെ അലയടിക്കും. ലോകത്ത് ഇങ്ങിനെയൊരു കാല്‍പ്പന്തുകളിയാരാധന ഇവിടെ മാത്രം. അതുകൊണ്ടുതന്നെയാണ് ഫിഫയുടെ സ്‌നേഹസമ്മാനങ്ങള്‍ ആസ്ഥാനമായ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും നൈനാംവളപ്പ് ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്റെ അമരക്കാരന്‍ സുബൈറിനെ തേടിയെത്തിയത്. ലോക ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് കേളികൊട്ടായി മിനി ലോകകപ്പ് മല്‍സരങ്ങള്‍ നടത്തിയ ചരിത്രവും നൈനാംവളപ്പുകാര്‍ക്ക് മാത്രം. അതത് രാഷ്ട്രങ്ങളുടെ ജഴ്‌സി അണിഞ്ഞ് കളിക്കാര്‍ മല്‍സരിക്കുന്നു. അവരുടെയെല്ലാം പതാകകള്‍ ഈ കൊച്ചുദേശത്ത് വാനിലുയര്‍ന്നു പറന്നു. ഇഷ്ട ടീമുകളുടെ ജഴ്‌സിയുടെ നിറങ്ങള്‍ കടകള്‍ക്കും വീടുകള്‍ക്കും മതിലുകള്‍ക്കും പൂശി.
ലോക ഫുട്‌ബോളില്‍ മനുഷ്യര്‍ മാത്രമല്ല ഒരു ദേശം തന്നെ മുഴുകുന്നു.  ഫുട്‌ബോള്‍ ഇങ്ങിനെ പ്രാദേശിക ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് പ്രോല്‍സാഹനം നല്‍കിയ മറ്റൊരു ഫാന്‍സ് അസോസിയേഷന്‍ എവിടെ കാണാന്‍.
നൈനാംവളപ്പില്‍ നിന്നാണ് ഇപ്പോള്‍ കാണുന്ന ഫുട്‌ബോള്‍ ജ്വരത്തിന്റെ 'വൈറസുകള്‍ 'പടര്‍ന്നത്. ബ്രസീലിലെ കളിക്കാര്‍ക്കും നാട്ടുകാര്‍ക്കും സംഘാടകര്‍ക്കും വരെ നൈനാംവളപ്പുകാരെ അറിയാം. 2014ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് തകൃതിയായി കളിക്കളം നിറഞ്ഞാടുന്നവേള. നൈനാംവളപ്പിലെ ബ്രസീല്‍ ആരാധകര്‍ ഒരു പടുകൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. ഇത് വാര്‍ത്തയായി ബ്രസീലിലെ വാര്‍ത്താ ചാനലുകള്‍ ഉല്‍സവമാക്കി. അതിനുമൊക്കെ മുമ്പ് 2006ലെ ജര്‍മനി ലോകകപ്പ് വേള. നൈനാംവളപ്പില്‍ തകൃതിയായി 'ദുനിയാ ഗോള്‍ഹെ' എന്ന പേരില്‍ ഗംഭീര പരിപാടികള്‍. ഇതറിഞ്ഞ് ഗൗതംഭീമയുടെ നേതൃത്വത്തില്‍ മാധ്യമരാജാക്കന്‍മാരായ ഇഎസ്പിഎന്‍ സംഘം ഇവിടെ എത്തി. അവരെ പോലും ഈ സാധാരണക്കാരുടെ ഫുട്‌ബോളിനോടുള്ള പ്രണയം അദ്ഭുതപ്പെടുത്തി. അതിനു പിറകെ ബിബിസി സംഘവും നൈനാംവളപ്പുകാരുടെ കാല്‍പ്പന്തുകളിയോട് ഈ അഭിനിവേശം നേരില്‍ പകര്‍ത്താന്‍ കടല്‍കടന്നെത്തിയതും ചരിത്രം.
'കളിക്കുന്നവര്‍ ജയിക്കട്ടെ' നൈനാംവളപ്പുകാരില്‍ ഏറെ പേരുടെയും മനസ്സ് ഇങ്ങിനെയാണ് ഞങ്ങള്‍ക്ക്. ഫുട്‌ബോള്‍ വിനോദമല്ല. വികാരമാണ്. ഫുട്‌ബോള്‍ നിരീക്ഷകനും എന്‍ഫ പ്രസിഡന്റുമായ എന്‍ വി സുബൈര്‍ പറയുന്നു. ഫിഫ, യുവേഫ സംഘടനകളുമായും എന്‍ഫ ഭാരവാഹികള്‍ ബന്ധപ്പെടുന്നു. 96ലെ ഇംഗ്ലണ്ട് യൂറോ കപ്പിനെ വരവേല്‍ക്കാന്‍ ബീച്ച് സോക്കര്‍ 96 സംഘടിപ്പിച്ചു. മൂന്നു മാസം നീണ്ടുനിന്ന പ്രാദേശിക ടൂര്‍ണമെന്റായിരുന്നു അത്. ഇന്ന് നൈനാംവളപ്പില്‍ 12ഓളം ഫുട്‌ബോള്‍ ക്ലബ്ബുകളുണ്ട്. ആദ്യം ഉണ്ടായത് ട്രൈസ്റ്റാര്‍ ക്ലബ്ബ് മാത്രം. ഈയൊരു ഉണര്‍വില്‍ ആവേശത്തില്‍ 20 കളിക്കാര്‍ ജില്ലാ ലീഗില്‍ കളിക്കുന്നു. ഐ ലീഗ് താരം വാഹിദ് സാലി ഈ മണ്ണില്‍ പന്തുരുട്ടിയാണ് അവിടംവരെ എത്തിയത്. ഫിഫ കപ്പ്, ഫിഫ ക്യാപ്, ബാഡ്ജുകള്‍, പേരുകള്‍, സ്റ്റാറ്റിസ്റ്റിക്‌സ് അടങ്ങുന്ന പുസ്തകം, ടെക്‌നിക്കല്‍ റിപോര്‍ട്ട്, ഒരു മ്യൂസിയത്തിലേക്കുള്ള സമ്മാനങ്ങള്‍ നൈനാംവളപ്പിന്റെ ഫുട്‌ബോള്‍ കച്ചവടക്കാരുടെ നായകന്‍ സുബൈറിനെ തേടിവന്നിട്ടുണ്ട്. ഇന്ന് കോഴിക്കോട്ടെ മാങ്കാവിലും പുതിയപാലത്തും പുതിയങ്ങാടിയിലും മലയോരമേഖലകളിലുമെല്ലാം ഈ ആവേശം എത്തിയത് സത്യത്തില്‍ മുമ്പേ പറഞ്ഞ ഫുട്‌ബോള്‍ വൈറസ് നൈനാംവളപ്പില്‍ നിന്നും പാറിയെത്തിയതാണ്.
Next Story

RELATED STORIES

Share it