thiruvananthapuram local

കടലില്‍ പോയവരെ കാത്ത് തീരദേശവാസികള്‍

വിഴിഞ്ഞം:കാറ്റിലും കല്‍ക്ഷോഭത്തിലും  വിറങ്ങലിച്ച് തീരദേശ മേഖല. മല്‍സ്യബന്ധനത്തിനായി കടലില്‍പോയ നിരവധി മീന്‍ പിടിത്തക്കാര്‍ ഇനിയും തിരിച്ചെത്തിയില്ല. കടലിന്റെ കാറ്റിന്റെയും കലിതുള്ളല്‍ രക്ഷാപ്രവര്‍ത്തകരെയും പ്രതിസന്ധിയിലാക്കി.
കാണാതായവരെ കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും ഒരു ഹെലികോപ്റ്ററും ഇന്ന് വിഴിഞ്ഞം പുറംകടലില്‍ എത്തും പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം പൂര്‍ണ്ണമായി നിര്‍ത്തിവച്ചു. ഇന്നലെ രാവിലെ വീശിയടിച്ച കൊടും കാറ്റില്‍ വിഴിഞ്ഞം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം റോഡില്‍ നിന്ന കൂറ്റന്‍ ഇലവുമരം കടപുഴകി നിലംപതിച്ചു. മരത്തിനടില്‍പ്പെട്ട വിഴിഞ്ഞം പഴയ പള്ളിക്ക് സമീപം പള്ളിത്തുറ പുരയിടത്തില്‍ വിക്ടറിന്റെ ഭാര്യ അല്‍ഫോന്‍സാമ്മ (65) യെ നാട്ടുകാരും പോലിസും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടലിന്റെ അപകട മറിയാതെ ഇന്നലെ പുലര്‍ച്ചെ ഉള്‍ക്കടലിലേക്ക് പുറപ്പെട്ട ഇരുപത്തഞ്ചോളം വള്ളങ്ങള്‍ ഇനിയും തീരത്തണഞ്ഞില്ല. ഇവരെ കണ്ടെത്താന്‍ രാവിലെ പുറപ്പെട്ട മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ രക്ഷാ ബോട്ടിനെയും കാണാതായത് തീരത്തെ പരിഭ്രാന്തിക്ക് ആക്കം കൂട്ടി. പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ട് അലഞ്ഞ ബോട്ട് പുറംകടലില്‍ ഉള്ളതായ വിവരം വൈകി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. കടല്‍ കാണാനാകാത്ത കനത്ത പുകമഞ്ഞും വീശിയടിക്കുന്ന ചുഴലിക്കാറ്റും ശക്തമായ മഴയും രക്ഷാപ്രവര്‍ത്തനത്തിനും തിരിച്ചടിയായി. ഉള്‍ക്കടലില്‍ വള്ളം മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് രക്ഷക്കായി യാചിച്ച പൂന്തുറ സ്വദേശി വര്‍ഗ്ഗീസിനെ രക്ഷപ്പെടുത്തിയ കോസ്റ്റ് ഗാര്‍ഡുകാര്‍ ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കപ്പല്‍ ചാലില്‍ കൂടി വിദേശത്തേക്ക് ചരക്കുമായി പോയ നിരവധി കപ്പലുകള്‍ മുന്നോട്ടു പോകാനാകാതെ രണ്ട് ദിവസമായി കുടുങ്ങിക്കിടക്കുകയാണ്. രാവിലെ അടിമലത്തുറയില്‍ നിന്ന് കരമടിക്കായി പുറപ്പെട്ട 20 പേരില്‍ എഴു പേര്‍ തിരികെയെത്തിയെങ്കിലും മറ്റുള്ളവരുടെ കാര്യം അറിവായിട്ടില്ല. ഉച്ചയോടെയാണ് പരാതിയുമായി വിഴിഞ്ഞത്തെസേനാ വിഭാഗങ്ങളെ കൂടുതല്‍ പേര്‍ സമീപിച്ചത്. വൈകിയും ഇവരെ കണ്ടെത്താന്‍ നടപടിയെടുത്തില്ലെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തിയത് തീരദേശസ്‌റ്റേഷനിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌റ്റേഷന്‍ പരിസരത്തും പ്രശ്‌നങ്ങള്‍ക്കിടവരുത്തി.
Next Story

RELATED STORIES

Share it