കടലില്‍ അപകടത്തില്‍പ്പെട്ട ആറ് പേരെ നാവികസേന രക്ഷപ്പെടുത്തി

കൊച്ചി/മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആഴക്കടലില്‍ അപകടത്തില്‍പ്പെട്ട ആറ് മല്‍സ്യത്തൊഴിലാളികളെ നാവികസേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തി ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂന്തുറ, കന്യാകുമാരി സ്വദേശികളായ മല്‍സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. പൂന്തുറ സ്വദേശികളായ ദേവദാസ് ( 57), ജോസഫ് (54), കന്യാകുമാരി സ്വദേശികളായ പ്രവീണ്‍ (22), ശിവകുമാര്‍ (22), ആന്റണി ദാസ് (36), സജിന്‍ദാസ് (26) എന്നിവരാണ് ചികില്‍സയിലുള്ളത്. ഇതില്‍ ദേവദാസ്, ജോസഫ് എന്നിവര്‍ കാറ്റിലകപ്പെട്ട് വള്ളം തകര്‍ന്നതോടെ ഒന്നര ദിവസമായി ആഴക്കടലില്‍ കഴിയുകയായിരുന്നു.
ഇവരോടൊപ്പമുണ്ടായിരുന്ന സെല്‍വനെന്ന മല്‍സ്യത്തൊഴിലാളിയെയും തുമ്പ സ്വദേശിയായ മറ്റൊരാളെയും കാണാനില്ലെന്ന് ഇവര്‍ പറഞ്ഞു. നേവിയെത്തിയാണ് രണ്ടു പേരെയും രക്ഷിച്ചത്. നാലുദിവസം മുമ്പാണ് ഇവര്‍ മത്സ്യബന്ധനത്തിനു പോയത്. തന്റെ കണ്‍മുന്നില്‍ വച്ചാണ് ആഴക്കടലിലേക്കു സെല്‍വന്‍ മുങ്ങിപ്പോയതെന്ന് ദേവദാസ് പറഞ്ഞു. വള്ളം മറിഞ്ഞ സമയം മുതല്‍ തുമ്പ സ്വദേശിയെ കാണാതാവുകയായിരുന്നു.  കന്യാകുമാരിയില്‍നിന്ന് കഴിഞ്ഞ പതിനാറിന് പുറപ്പെട്ട സെന്റ് ആന്റണീസ് ഒന്ന് എന്ന ബോട്ടിലുണ്ടായിരുന്നവരാണ് ആന്റണിദാസും സജിന്‍ദാസും. ഈ ബോട്ടിലുണ്ടായിരുന്ന പത്തില്‍ എട്ടുപേരെയും കാണാനില്ലെന്ന് ഇരുവരും പറയുന്നു. ആന്റണിദാസും ഭാര്യാസഹോദരന്‍ സജിന്‍ദാസും മാത്രമാണ് രക്ഷപ്പെട്ടത്. സജിന്റെ സഹോദരന്‍ അജിന്‍ദാസിനെയും  കാണാതായിട്ടുണ്ട്. ബോട്ട് മുങ്ങിയതോടെ നേവിയുടെ സഹായത്താല്‍ ഇവരെ മറ്റൊരു ബോട്ടില്‍ കൊച്ചിയിലെത്തിക്കുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന സെന്റ് ആന്റണീസ് രണ്ട് ബോട്ടിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. പ്രവീണ്‍, ശിവദാസ് എന്നിവര്‍ക്ക് ഉരു കാറ്റിലകപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ചെറിയ പരിക്കാണുള്ളത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റുള്ളവരെ നാവികസേന രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചിട്ടുണ്ട്.
അതേസമയം,  കടലില്‍ നിന്ന് രക്ഷപ്പെട്ട് രണ്ട് വള്ളങ്ങളില്‍ നിന്നുള്ള ഏഴ് മല്‍സ്യത്തൊഴിലാളികള്‍ കൊച്ചിയിലെത്തി. കൊല്ലത്ത് നിന്ന് വ്യാഴാഴ്ച മല്‍സ്യബന്ധനത്തിന് പോയ ശ്രീദേവി വള്ളത്തിലുള്ളവരാണ് വെള്ളിയാഴ്ച അര്‍ധരാത്രി കൊച്ചിയിലെത്തിയത്. കന്യാകുമാരി കൊല്ലംകോട് ദേശത്ത് നേരോമിയില്‍ താമസിക്കുന്ന ജോണ്‍സണ്‍ (26)' ശോഭിന്‍ (26) ഇസ്രി (60) യേശുദാസ് (35) ഷിലുമിപ്പ് (55) മൈക്കിള്‍ (37) എന്നിവരാണ് രക്ഷപ്പെട്ട് കൊച്ചിയിലെത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന യശസി(40) നെ കാണാതായതായി ഇവര്‍ പോലിസിനോട് പറഞ്ഞു. കരുവേലിപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ തേടിയ ഇവരില്‍ ആറ് പേര്‍ ഇന്നലെ രാവിലെ നാട്ടിലേക്കു തിരിച്ചു. യേശുദാസി(35)നെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
Next Story

RELATED STORIES

Share it