kasaragod local

കടലിലെ ന്യൂനമര്‍ദം; ജില്ലയിലെ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

കാസര്‍കോട്്: കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് തീരദേശ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശംനല്‍കി. മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കസബ, ബങ്കരമഞ്ചേശ്വരം, കോയിപ്പാടി, ഉപ്പള അതീക്ക, മൊഗ്രാല്‍, പള്ളിക്കര, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ റവന്യൂ അധികൃതരും ഫിഷറീസ് വകുപ്പും മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി അനൗണ്‍സ്‌മെന്റ് നടത്തി.
കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് കടപ്പുറത്ത് നിന്ന് 46 ബോട്ടുകളാണ് മല്‍സ്യബന്ധനത്തിന് പോകുന്നത്. പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ് മല്‍സ്യബന്ധനത്തിന് പുറപ്പെടുന്നത്. എന്നാല്‍ ജാഗ്രത നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ കാസര്‍കോട് കസബ കടപ്പുറത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയില്ല.
മറ്റുഭാഗങ്ങളില്‍ നിന്നും തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോയിട്ടില്ല. തിരമാലകള്‍ 17 മീറ്റര്‍ ഉയരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശത്ത് സദാജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒാഖി സമയത്ത് ജില്ലയുടെ തീരപ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായിരുന്നു. ബോട്ട് മറിഞ്ഞ് ഒരു മല്‍സ്യത്തൊഴിലാളി മരണപ്പെട്ടിരുന്നു. ആവശ്യമാണെങ്കില്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരുക്കങ്ങളും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശ പോലിസും ഫിഷറീസ്, റവന്യൂ വകുപ്പുകള്‍ സംയുക്തമായാണ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദമായ പശ്ചാത്തലത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 75 കിലോമീറ്ററാകാന്‍ സാധ്യതയുണ്ട്. കേരളത്തിന്റെ തീരങ്ങളില്‍ നിന്ന് മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും മീന്‍പിടിക്കാന്‍ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. ഈ മാസം 15 വരെ ഈ നിര്‍ദേശത്തിന് പ്രാബല്യമുണ്ടായിരിക്കും.
Next Story

RELATED STORIES

Share it