Second edit

കടലിലെ കാഴ്ചകള്‍

മനുഷ്യന്‍ ഗോളാന്തര പര്യവേക്ഷണത്തിന്റെ തിരക്കിലാണെങ്കിലും ഭൂമിയിലെ മുഴുവന്‍ കാഴ്ചകളും ഇനിയും കണ്ടുതീര്‍ന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ ദിവസം പാനമയുടെ പടിഞ്ഞാറന്‍ തീരത്ത് ശാന്തസമുദ്രത്തില്‍ പര്യവേക്ഷണം നടത്തിയ ഒരുസംഘം സമുദ്രജീവിഗവേഷകര്‍ കണ്ടെത്തിയത് അത്തരമൊരു അപൂര്‍വ ദൃശ്യമാണ്.
കടലിനടിയില്‍ 1,200 അടി താഴ്ചയില്‍ അവര്‍ കണ്ടെത്തിയത് മൃതജീവികളെപ്പോലെ പെരുമാറുന്ന പരശ്ശതം ഞണ്ടുകളെയാണ്. ചുവന്ന നിറത്തിലുള്ള ഈ ഞണ്ടുകള്‍ കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ ചളിപ്രദേശത്ത് ഒരേ ദിശയില്‍ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
സാധാരണ ഇങ്ങനെ ഒരേ മട്ടില്‍ പെരുമാറുന്ന രീതി ഉറുമ്പുകള്‍ക്കും മറ്റും ഉള്ളതാണ്. എന്തുകൊണ്ട് ഈ ഞണ്ടുകള്‍ ഇങ്ങനെ പെരുമാറുന്നു എന്ന് ഗവേഷകര്‍ക്ക് ഇനിയും കണ്ടെത്താനായിട്ടില്ല. സമുദ്രാന്തര്‍ഭാഗത്ത് ഇങ്ങനെയൊരു അസാധാരണ പ്രതിഭാസം കണ്ടെത്തിയത് ആകസ്മികമാണെന്ന് ഗവേഷകസംഘത്തെ നയിച്ച ജീസസ് പനേഡ എന്ന ശാസ്ത്രജ്ഞന്‍ പറയുന്നു. മാസച്ചുസിറ്റ്‌സിലെ വുഡ്‌സ്‌ഹോള്‍ ഓഷ്യാനോഗ്രഫിക് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നുള്ള സംഘം സമുദ്രജീവികളെ പഠിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു മുങ്ങിക്കപ്പലിലാണ് പ്രദേശത്ത് പര്യവേക്ഷണം നടത്തിയത്. അടിത്തട്ടില്‍ നിരന്തരമായ ചലനവും തല്‍ഫലമായി ജലത്തില്‍ കാണപ്പെട്ട മാറ്റങ്ങളും എന്തെന്നു കണ്ടെത്താനാണ് അവര്‍ ആഴക്കടലിലേക്ക് ഊളിയിട്ടത്. കണ്ടെത്തിയത് മരപ്പാവകളെ ഓര്‍മിപ്പിക്കുന്ന ഞണ്ടുകളെയും.
Next Story

RELATED STORIES

Share it