malappuram local

കടലിലിറക്കാന്‍ കഴിയാതെ തീരദേശ പോലിസ് ബോട്ട്

പൊന്നാനി: പൊന്നാനിയിലെ തീരദേശ പോലിസിന് കരയ്ക്കിരിക്കാനാണ് യോഗം. കടലിലിറങ്ങി പട്രോളിങ് നടത്താനുള്ള ബോട്ട് കരയ്ക്ക് വിശ്രമത്തിലാണ്. പൊന്നാനി തീരദേശ സ്‌റ്റേഷനിലെ ബോട്ട് യഥാസമയം  അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ഉപയോഗിക്കാനാവുന്നില്ല. മാത്രമല്ല, ഈ യന്ത്രബോട്ടിന്റെ ഇന്‍ഷുറന്‍സ് കാലാവധിയും കഴിഞ്ഞു. ഫിറ്റ്‌നസ് പരിശോധന നടത്തിയേ ഇനി ഉപയോഗിക്കാനാവൂ.
കഴിഞ്ഞ ദിവസം പൊന്നാനി കടലില്‍ അജ്ഞാത ബോട്ട് എത്തിയതായ വാര്‍ത്ത പടര്‍ന്നിട്ടും അന്വേഷിക്കാനോ കടലിലിറങ്ങി പരിശോധന നടത്താനോ തീരദേശ പോലിസിനായിട്ടില്ല. കഴിഞ്ഞ ദിവസമാണ് തിരൂരിന് സമീപം കടലില്‍ സംശയാസ്പദ സാഹചര്യത്തില്‍ വിദേശ ബോട്ട് കണ്ടെത്തിയത്. ഒടുവില്‍ തിരച്ചില്‍ നടത്തിയതാവട്ടെ മല്‍സ്യത്തൊഴിലാളികളുടെ ബോട്ടുപയോഗിച്ചും. പൊന്നാനി തീരദേശ പോലിസ് പറവണ്ണമുതല്‍ പൊന്നാനിവരെ തിരച്ചില്‍ നടത്തിയെങ്കിലും ബോട്ട് കണ്ടെത്താനായില്ല. ശനിയാഴ്ച മീന്‍പിടിത്തത്തിനുശേഷം കടലില്‍നിന്ന് മടങ്ങിയെത്തിയ മല്‍സ്യത്തൊഴിലാളികളാണ് ആഴക്കടലില്‍ വിദേശ ബോട്ട് കണ്ട വിവരം അറിയിച്ചത്. ഉള്‍ക്കടലില്‍ തിരച്ചില്‍ കാര്യക്ഷമമാക്കാന്‍ തീരദേശ പോലിസിന് സ്വന്തം ബോട്ട് ഇല്ലാത്തത് പ്രധാന തടസ്സമാവുന്നുണ്ടന്ന് പോലിസ് തന്നെ സമ്മതിക്കുന്നു. വേഗംകുറഞ്ഞ ഫിഷറീസ് ബോട്ടിനെ ആശ്രയിച്ചതിനാല്‍ അജ്ഞാത ബോട്ടിനെ പിന്തുടര്‍ന്ന് കണ്ടെത്താനുമായില്ല. കഴിഞ്ഞ ഡിസംബര്‍ 31ന് ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള കപ്പല്‍ പൊന്നാനി തീരത്തിനോട് ആറ് കിലോമീറ്റര്‍ അടുത്ത് നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മുന്നുപേരെ അന്ന് കരയില്‍നിന്ന് തീരദേശ പോലിസ് പിടികൂടി. എന്നാല്‍, ഇവര്‍ പുതുവല്‍സര ആഘോഷത്തിനായി മദ്യംതേടി വന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അതിനുമുമ്പ് വിദേശികളും ഉത്തരേന്ത്യക്കാരുമടങ്ങുന്ന കപ്പല്‍ ഉള്‍ക്കടലിലും കണ്ടിരുന്നു. അപകടത്തില്‍പെട്ട ഈ കപ്പലിലുള്ളവര്‍ക്ക് തീരദേശ പോലിസ് സഹായവും എത്തിച്ചു. തെക്ക് പാലപ്പെട്ടിമുതല്‍ വടക്ക് ബേപ്പൂരിനടുത്ത് കടലുണ്ടിവരെയുള്ള ജില്ലയുടെ തീരദേശമാണ് സ്‌റ്റേഷന്റെ അതിര്‍ത്തി.
കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ പോയി ദിവസവും പട്രോളിങ് നടത്തണം. ഡീസല്‍ ചെലവും ഏറും. തീരദേശ ജില്ലകളില്‍ കുറഞ്ഞത് ഒരു സ്പീഡ് ബോട്ടും ചെറു ബോട്ടുകളും വേണമെന്ന നിര്‍ദേശം കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. പക്ഷേ, അതൊന്നും നടപ്പായിട്ടില്ല. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ പ്രവര്‍ത്തനമാരംഭിച്ച പൊന്നാനി തീരദേശ സ്‌റ്റേഷനില്‍ സിഐയും എസ്‌ഐയുമടക്കം 14 പേരാണുള്ളത്. കടലോര ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനവും ഇവിടെ  ഊര്‍ജിതമാണ്. ബോട്ടിലാതെ കരയ്ക്കിരിക്കാനാണ് ഇവരുടെ യോഗം.
Next Story

RELATED STORIES

Share it