thrissur local

കടലാമ നിരീക്ഷണത്തിന് വനിതാ പഞ്ചായത്ത് പ്രസിഡന്റും

ചാവക്കാട്: ഗ്രീന്‍ ഹാബിറ്റാറ്റിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ സംഘടിപ്പിച്ച കടലാമ നിരീക്ഷണ യാത്രയില്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റും. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാനാണ് കടലാമ നിരീക്ഷണ യാത്രയില്‍ പങ്കാളിയായത്.
വനം വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒലീവ് റിഡ്‌ലി കടലാമകള്‍ക്ക് കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കുന്ന സുരക്ഷയെ കുറിച്ച് അറിയുകയായിരുന്നു പ്രസിഡന്റിന്റെ യാത്ര ലക്ഷ്യം.
രണ്ടു ടീമുകളായി തിരിഞ്ഞ് പഞ്ചവടി കടപ്പുറത്തു നിന്നും തുടങ്ങി വടക്ക് ഭാഗത്തേക്ക് അകലാട് കാട്ടിലപ്പള്ളി ബീച്ച് വരെയും തെക്കു ഭാഗത്തേക്ക് അഫയന്‍സ് ബീച്ച് വരെ രാത്രി 11 മുതല്‍ പുലര്‍ച്ചെ മൂന്നു വരെയായിരുന്നു യാത്ര. നാലു തവണയായി 24  കിലോമീറ്റര്‍ ദൂരമാണ് പഞ്ചാര മണലില്‍ നിലാവില്‍ നടന്നത്.
കടലാമ നിരീക്ഷണ യാത്രയില്‍ കുറുക്കന്‍, പട്ടികള്‍, തൊരപ്പന്‍ ഞണ്ടുകള്‍ എന്നിവയെ കണ്ടു വെന്ന് പ്രസിണ്ടണ്ട് പറഞ്ഞു.
ഇവയില്‍ നിന്നും കടലാമ കൂടിനെ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം പഞ്ചായത്ത് ചെയ്യുമെന്നും അവര്‍ പറഞ്ഞു. കടലാമ യാത്രയില്‍ അരുവായിക്ക് സമീപം വച്ച കൂട് കണ്ടെത്തി ഗ്രീന്‍ ഹാബിറ്റാറ്റ് ഹാച്ചറിയിലേക്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മാറ്റി.
ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഒരു ലക്ഷം രൂപ കടലാമ സംരക്ഷണ പ്രവര്‍ത്തനത്തിന് മാറ്റി വച്ച പഞ്ചായത്താണ് പുന്നയൂര്‍. ഏഴ് കൂടുകളിലായി ആയിരത്തോളം മുട്ടകളാണ് ഗ്രീന്‍ ഹാബിറ്റാറ്റിന്റെ ഹാച്ചറിയില്‍ വിരിയുവാനായി ഉള്ളത്.
Next Story

RELATED STORIES

Share it