kozhikode local

കടലാക്രമണ ഭീഷണി: ജനങ്ങള്‍ റോഡ് ഉപരോധിച്ചു

ഫറോക്ക്: കടലാക്രമണ ഭീഷണി നേരിടുന്ന കടുണ്ടി ഗ്രാമപ്പഞ്ചായത്തിലെ ബൈത്താനി നഗര്‍, വാക്കടവ് പ്രദേശങ്ങളും ജനങ്ങള്‍ മാറിത്താമസിക്കുന്ന ക്യാംപുകളും ജില്ലാ കടക്ടര്‍ യു വി ജോസും സംഘവും സന്ദര്‍ശിച്ചു. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കാത്തതിലും കടല്‍ ഭിത്തിയുടെ ഉയരം വര്‍ധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് നാട്ടുകാര്‍ കടലുണ്ടി വാക്കടവ് റോഡ് ഉപരോധിച്ചു. കടലാക്രമണവുമായി ബന്ധപ്പെട്ട് അടിയന്തര നടപടി കൈക്കൊള്ളുമെന്ന കലക്ടറുടെ ഉറപ്പിനെതുടര്‍ന്ന് റോഡ് ഉപരോധം പിന്‍വലിച്ചു. ഇന്ന് രാവിലെ 10ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാറില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് കടക്ടര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിമുതല്‍ കടല്‍ വീണ്ടും പ്രക്ഷുബ്ധമായതോടെയാണ് ഈ പ്രദേശങ്ങളില്‍ തിരമാലകള്‍ അഞ്ഞടിച്ചത്.  തുടര്‍ന്ന് ഇവിടെയുള്ള മുഴുവന്‍ വീട്ടുകാരെയും മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. തിരമാലകള്‍ കടല്‍ ഭിത്തിയും ഭേദിച്ച് പുറത്തേക്ക് വന്നതോടെ സമീപത്തെ റോഡിലും വെള്ളം കയറിയ നിലയിലായി. കിണറുകളില്‍  ഉപ്പു വെള്ളം കയറുകയും ചെയ്തു.
നാലു സ്ഥലങ്ങളിലായാണ് താല്‍ക്കാലിക ക്യാംപ് ഒരുക്കിയത്. ക്യാംപില്‍ ഭക്ഷണം ഉള്‍പ്പെടെ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി കെ അജയകുമാര്‍, വൈസ് പ്രസിഡന്റ് എം നിഷ, സ്ഥിരം സമിതി ചെയര്‍മാന്‍ പിലാക്കാട്ട് ഷണ്‍മുഖന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, വില്ലേജ് ഓഫിസര്‍ സി കെ സദാശിവന്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍, തീരദേശ പോലിസ്, ജനപ്രതിനിധികള്‍, വിവിധ കക്ഷി നേതാക്കള്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി.
Next Story

RELATED STORIES

Share it