Alappuzha local

കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനവും പുനരധിവാസവും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന്



ആലപ്പുഴ: കടലാക്രമണം ശക്തമായ സാഹചര്യത്തില്‍ കടലാക്രമണ നിരോധന പ്രവര്‍ത്തനങ്ങളും തീരദേശവാസികളുടെ പുനരധിവാസവും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് ധീവരസഭാ ജനറല്‍ സെക്രട്ടറി വി ദിനകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നാല് മന്ത്രിമാരുള്ള ആലപ്പുഴ ജില്ലയില്‍ കടലാക്രമണ ഭീഷണി നേരിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് മാത്രമല്ല നേരത്തെ നടപ്പാക്കിയിരുന്ന കടലാക്രമണ നിരോധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുകയുമാണ്. ഈ സമീപനമാണ് സര്‍ക്കാര്‍ തുടരുന്നതെങ്കില്‍ ധീവര സഭ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കടലാക്രമണം മൂലം നിരവധി വീടുകള്‍ ജില്ലയില്‍ തകര്‍ന്നുകൊണ്ടിരിക്കുമ്പോഴും അടിയന്തിര പ്രവര്‍ത്തനത്തിന് 50 ലക്ഷം മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതാകട്ടെ സാങ്കേതികത്വത്തിന്റെ പേരില്‍ ചിലവഴിക്കുന്നുമില്ല.  ജില്ലയിലെ ഏക ഫിഷിംഗ് ഹാര്‍ബറായ തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബറിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടിയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.  ഇടതുവലതു മുന്നണികള്‍ ഒരുപോലെ മല്‍സ്യമേഖലയോട് അവഗണന തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടികള്‍ കടലാക്രമണ നിരോധന പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി നടപ്പാക്കാത്തപക്ഷം സഭ അന്തിമ സമരത്തിന് തയാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധീവരസഭാ ജില്ലാ സെക്രട്ടറി എന്‍ ആര്‍ ഷാജിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it