കടലാക്രമണത്തില്‍ വ്യാപകനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസമായി തുടരുന്ന രൂക്ഷമായ കടലാക്രമണത്തില്‍ വ്യാപകനാശനഷ്ടം. നിരവധി വീടുകളും മല്‍സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നു. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ നാശനഷ്ടം റിപോര്‍ട്ട് ചെയ്തത്.
പലയിടങ്ങളിലും മൂന്നു മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ ആഞ്ഞടിച്ചു. കടല്‍ക്ഷോഭം ശക്തമായി തുടരുന്നതിനാല്‍ തീരമേഖലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. തിരുവനന്തപുരത്ത് ഏഴും കൊല്ലം, ആലപ്പുഴ, കാസര്‍കോട് ഒന്നുവീതം ക്യാംപുകളാണ് തുറന്നത്. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. തൃശൂര്‍ അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയും മാള സ്വദേശിനിയുമായ അശ്വിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം, നാളെ രാത്രി വരെ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര ഗേവഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അടുത്ത 24 മണിക്കൂറില്‍ വന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. കടല്‍ക്ഷോഭത്തിന്റെ കെടുതികള്‍ കണക്കാക്കി നഷ്ടപരിഹാരത്തിന് നടപടികള്‍ സ്വീകരിക്കുമെന്ന് കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉചിതമായ നടപടികളുമായി മുന്നോട്ടു പോവുമെന്നും മന്ത്രി അറിയിച്ചു. കടലാക്രമണ കെടുതി നേരിട്ടവര്‍ക്ക് ദുരിതാശ്വാസം ലഭ്യമാക്കണമെന്ന് ലത്തീന്‍സഭ ആവശ്യപ്പെട്ടു. കടലാക്രമണത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറി. തിരുവനന്തപുരത്ത് മാത്രം ഇരുപതിലധികം വീടുകള്‍ക്ക് കേടുപറ്റി. തിരുവനന്തപുരം വലിയതുറ കുഴിവിളയിലാണ് കടലാക്രമണം രൂക്ഷമായത്.
പൂന്തുറ ചേരായമുട്ടത്ത് കരയില് കയറ്റിയിട്ടിരുന്ന വള്ളങ്ങള്‍ ശക്തമായ തിരയില്‍ കൂട്ടിയിടിച്ചുനശിച്ചു. അമ്പതോളം വള്ളങ്ങള്‍ക്ക് കേടുപറ്റി. ആലപ്പുഴയില്‍ ശക്തമായ കടലാക്രമണത്തില്‍ മൂന്നൂറോളം വീടുകളില്‍ വെള്ളംകയറി. ഒറ്റമശ്ശേരിയില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. ഒറ്റമശ്ശേരിയില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. അഴീക്കല്‍ മുതല്‍ ആയിരംതൈ വരെയുള്ള മേഖലകളില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്നു ഏറെ നാശനഷ്ടങ്ങളുണ്ടായി. ആറാട്ടുപുഴയില്‍ തീരദേശപാത കടലാക്രമണത്തില്‍ തകര്‍ന്നു. തീരത്തെ നൂറുകണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി.
തൃശൂരില്‍ ചേറ്റുവ, പൊക്കാഞ്ചേരി, വാടാനപ്പള്ളി, തമ്പാന്‍ കടവ്, സ്‌നേഹതീരം, നാട്ടിക പള്ളം എന്നിവിടങ്ങളില്‍ തിരമാലകള്‍ തീരം കവര്‍ന്നെടുത്തു.
ഇന്നു രാത്രി വരെ മല്‍സ്യബന്ധനത്തിന് പോകുന്നവരും വിനോദ സഞ്ചാരത്തിന് എത്തുന്നവരും നിയന്ത്രണം പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it