thiruvananthapuram local

കടലാക്രമണം ശക്തമായി തുടരുന്നു; വീടുകള്‍ തകര്‍ന്നു

കഴക്കൂട്ടം: തുമ്പമുതല്‍ അഞ്ചുതെങ്ങ് വരെയുള്ള തീരത്ത് കടലാക്രമണം ശക്തമായി തുടരുന്നു.  വീടുകള്‍ തകരുകയും നിരവധി വീടുകള്‍ വെളളത്തിനടിയിലാവുകയും ചെയ്തു.
തിരയടി ശക്തമായ അഞ്ചു തെങ്ങില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. പെരുമാതുറ മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിനോട് ചേര്‍ന്നുള്ള തീരത്തു നിന്നും വിനോദ സഞ്ചാരികളെ പോലിസ് ഒഴിപ്പിച്ച് കൊണ്ടിരിക്കുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് പ്രദേശത്ത് കടലടിയും കടല്‍കയറ്റവും തുടങ്ങിയത്.
വൈകീട്ടോടെ കടല്‍കയറ്റം രൂക്ഷമായെങ്കിലും ഏറെ വൈകാതെ കടല്‍ ഉള്‍വലിഞ്ഞു. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ വീണ്ടും ശക്തിയായിരിക്കുകയാണ്. അഞ്ചുതെങ്ങില്‍ നിരവധി വീടുകള്‍ തകര്‍ന്നതായാണ് അറിയുന്നത്. കടലടി കൂടുന്നതിന് അനുസരിച്ച് ഇത് രൂക്ഷമാവാനാണ് സാധ്യത. ഇത് മുന്നില്‍ കണ്ട് കടക്കാവൂര്‍ ഗവ.സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തനം ആരംഭിച്ചു.
കഠിനംകുളം പഞ്ചായത്തിലെ ഒറ്റപ്പന തീരത്തുള്ള നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. വീട്ടിലുള്ളവരെ മറ്റ് വീടുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സുനാമി ഫണ്ട് ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ച് കടലാക്രമണത്തെ തടയാന്‍ വളര്‍ത്തിയ മരങ്ങള്‍ നശിപ്പിച്ച് കൈയേറി നിര്‍മിച്ച വീടുകളാണ് കടലാക്രമണത്തില്‍ വെള്ളം കയറിയതെന്ന് ആക്ഷേപമുണ്ട്്്. അഞ്ചുതെങ്ങില്‍ കടലടി ശക്തമായി തുടരുകയാണ്. 20 വീടുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നതായാണ് വിവരം. കടലടി ചെറുക്കുന്നതിനായി നിര്‍മിച്ച സുരക്ഷാ ഭിത്തി മറികടന്ന് കടല്‍ വെള്ളം റോഡു വരെ എത്തിയിട്ടുണ്ട്്. ഇവിടെ താമസിക്കുന്ന നൂറു കണക്കിന് കുടുംബം ഭീതിയിലാണ്.
പെരുമാതുറ മുതലപ്പൊഴി മല്‍സ്യ ബന്ധന തുറമുഖ കവാടത്തിലേക്ക് ശക്തമായ കടലാക്രമണമാണുള്ളത്. രണ്ട് ദിവസമായി മല്‍സ്യ ബന്ധനം നിര്‍ത്തി വച്ചിരിക്കുകയാണ്.
എന്നാല്‍ കടലാക്രമണത്തെ മറികടന്ന് ഹാര്‍ബര്‍ വഴി മല്‍സ്യ ബന്ധനത്തിന് പോവാന്‍ ശ്രമിച്ച ചിലര്‍ അപകടത്തില്‍പ്പെട്ടതായും അദ്ഭുതകരമായി രക്ഷപ്പെട്ടതായും ചില മല്‍സ്യതൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് കഠിനംകുളം പോലിസ് മല്‍സ്യതൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഇതിനിടെ ദുരിതാശ്വാസ ക്യാംപായി തുറന്ന കടയ്ക്കാവൂരിലെ സ്‌കളില്‍ വെള്ളവും വെളിച്ചവുമില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്്. ഇതിനെതിരേ ഇന്ന് റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്താനുള്ള ഒരുക്കത്തിലാണ് മല്‍സ്യതൊഴിലാളികള്‍. പിന്തുണയുമായി ചില രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്്.
Next Story

RELATED STORIES

Share it