thrissur local

കടലാക്രമണം: രാഷ്ട്രീയം കളിച്ച് ലീഗും സിപിഎമ്മും; ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തം

കെ എം അക്ബര്‍
ചാവക്കാട്: തീരദേശ മേഖലയില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട അതി ഭീകരമായ കടലാക്രമണത്തില്‍ ജനം ദുരിതമനുഭവിക്കുമ്പോള്‍ രാഷ്ട്രീയം കളിച്ച് ലീഗും സിപിഎമ്മും രംഗത്ത്. കഴിഞ്ഞ ദിവസം മന്ത്രി എ സി മൊയ്തീനും വി എസ് സുനില്‍കുമാറും മേഖലയില്‍ സന്ദര്‍ശനം നടത്തിയതിനെചൊല്ലിയാണ് ഇരു കൂട്ടരും പ്രസ്താവന നടത്തി ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
പഞ്ചായത്ത് ജനപ്രതിനിധികളെ അറിയിക്കാതേയായിരുന്നു മന്ത്രിമാര്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയതെന്നാണ് ലീഗ് ആരോപണം. പ്രാദേശിക ജന, പ്രതിനിധികളെ ഉള്‍പ്പെടുത്താതെ മന്ത്രിമാരും എംഎല്‍എയും നടത്തിയ സന്ദര്‍ശനം രാഷ്ട്രീയ ജാഥയായി മാറിയെന്ന് ലീഗ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കരിങ്കല്‍ ഭിത്തി തകര്‍ന്ന ഭാഗങ്ങളില്‍ അവ അറ്റകുറ്റപ്പണി നടത്താത്തതാണ് ഇത്തരത്തില്‍ കടലേറ്റം രൂക്ഷമാവാന്‍ കാരണമെന്നും പി സി ചാക്കോ എംപി ആയിരുന്നതിനു ശേഷം കരിങ്കല്‍ഭിത്തി നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണി നടത്താനോ നിലവിലെ എംപിക്ക് കഴിഞ്ഞില്ലെന്നും ലീഗ് ആരോപിച്ചു. സ്വന്തം പഞ്ചായത്തുകാരനായിരുന്നിട്ടും വിരുന്നുകാരനെപോലേയാണ് അദ്ദേഹം മേഖലയിലെത്തുന്നതെന്നും എംപിയും എംഎല്‍എയും അനാസ്ഥ വെടിയണമെന്നും ലീഗ് ആവശ്യപ്പെട്ടു.
അതേസമയം മുസ്‌ലിം ലീഗ് പ്രസ്താവന അപക്വമാണെന്നായിരുന്നു സിപിഎം മറുപടി. ജനങ്ങള്‍ക്ക് ആത്മവിശ്വസവും സഹായവും നല്‍കുന്നതിനാണ് മന്ത്രിമാര്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയതെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. യുഡിഎഫ് ഭരണകാലത്ത് ഒരൊറ്റ മന്ത്രിമാരും മേഖലയില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല.
ജനാധിപത്യത്തെകുറിച്ച് എംഎല്‍എയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ലീഗ് തങ്ങള്‍ ഭരിക്കുന്ന കടപ്പുറം പഞ്ചായത്തില്‍ എത്ര ഔദ്യോഗിക പരിപാടികള്‍ക്ക് എംഎല്‍എയെ ക്ഷണിക്കാറുണ്ടെന്ന് വ്യക്തമാക്കണമെന്നും സിപിഎം കടപ്പുറം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ദുരന്ത സമയങ്ങളില്‍ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് ലീഗും സിപിഎമ്മും രാഷ്ട്രീയ മുതലെടുപ്പുമായി രംഗത്തെത്തിയത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനു ഇടവരുത്തിയിട്ടുണ്ട്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it