malappuram local

കടലാക്രമണം പ്രതിരോധിക്കാന്‍ നൂതന സാങ്കേതിക വിദ്യയുമായി ജലസേചനവകുപ്പ്‌

പൊന്നാനി: കടലാക്രമണത്തെ പ്രതിരോധിക്കാന്‍ കടല്‍ഭിത്തി പരാജയപ്പെട്ടപ്പോള്‍ പുതിയ സാങ്കേതികവിദ്യയുമായി അധികൃതര്‍. പൊന്നാനിയില്‍ കടലാക്രമണത്തില്‍നിന്നു തീരത്തെ രക്ഷിക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായാണ് ഇറിഗേഷന്‍ വകുപ്പ് രംഗത്തുള്ളത്.
കടല്‍ഭിത്തിക്കു പകരമായി ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ക്കു തുടക്കമായി. പുതുപൊന്നാനി മുതല്‍ പൊന്നാനി അഴിമുഖം വരെ കടലാക്രമണം രൂക്ഷമായ അഞ്ച് കേന്ദ്രങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബുകള്‍ സ്ഥാപിക്കുക. ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പൊന്നാനി തീരത്ത് പരിശോധനകള്‍ പൂര്‍ത്തിയാക്കി നടപടികള്‍ ആരംഭിച്ചു. കടലാക്രമണത്തെ പ്രതിരോധിച്ച് തീരത്തെ മണ്ണൊലിപ്പ് തടയുക ലക്ഷ്യത്തോടെ കടല്‍ഭിത്തിക്കു ബദലായാണ് പദ്ധതി നടപ്പാക്കുന്നത്. ആലപ്പുഴയിലെ നീര്‍ക്കുന്നം തീരദേശ മേഖലയില്‍ പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണിത്. 20 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വിസ്തീര്‍ണവുമുള്ള വൃത്താകൃതിയിലുള്ള ട്യൂബുകളാണ് പദ്ധതിയുടെ ഭാഗമായി തീരത്ത് സ്ഥാപിക്കുക. രണ്ടു ട്യൂബിന് മുകളില്‍ ഒരു ട്യൂബ് എന്ന നിലയിലായിരിക്കും ക്രമീകരിക്കുക. ട്യൂബുകള്‍ക്കകത്ത് മണല്‍ നിറയ്ക്കും. 4.4 മീറ്റര്‍ ഉയരത്തിലായിരിക്കും സ്ഥാപിക്കുക.
തിരമാലകള്‍ ട്യൂബില്‍ പതിക്കുമ്പോള്‍ ശക്തി കുറയുകയും തിരമാലകള്‍ക്കൊപ്പമുള്ള മണല്‍ തീരത്തേയ്ക്ക് കയറാതെ ട്യൂബ് തടഞ്ഞു നിര്‍ത്തുകയും ചെയ്യും. തിരമാലകളുടെ ശക്തി കുറയ്ക്കുന്നതിനാല്‍ തീരത്തുനിന്ന് മണല്‍ ഒലിച്ചുപോവുന്നത് ഇല്ലാതാക്കാനാവുമെന്ന് അധികൃതര്‍ പറഞ്ഞു. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് പദ്ധതി പൊന്നാനിയില്‍ നടപ്പാക്കുന്നത്. കടലാക്രമണം രൂക്ഷമായി അനുഭവപ്പെടുന്ന മുറിഞ്ഞഴി, അബൂഹുറൈറ പള്ളി, തെക്കേകടവ്, ഹിളര്‍ പള്ളി, അലിയാര്‍ പള്ളി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബുകള്‍ സ്ഥാപിക്കുക. നിലവിലുള്ള കടല്‍ഭിത്തിക്കു പിന്നിലായിട്ടായിരിക്കും ട്യൂബുകള്‍ സ്ഥാപിക്കുന്നത്. 20 വര്‍ഷത്തെ കാലദൈര്‍ഘ്യം ട്യൂബുകള്‍ക്കുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. കടല്‍ഭിത്തി നിര്‍മാണത്തേക്കാള്‍ ചെലവ് കുറവും ഗുണകരവുമായ പദ്ധതിയാണിതെന്ന അവകാശ വാദമാണ് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്. നൂറ് മീറ്റര്‍ കടല്‍ ഭിത്തി നിര്‍മിക്കാന്‍ ഒന്നര കോടി രൂപ വേണ്ടിടത്ത് ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബ് സ്ഥാപിക്കാന്‍ 55 ലക്ഷം രൂപയാണു വേണ്ടി വരിക.
അഞ്ച് കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന ട്യൂബ് വിജയകരമാണെങ്കില്‍ പൊന്നാനി തീരത്ത് മുഴുവനായും വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡി എസ് രമ, ചീഫ് എക്‌സി.ഓഫിസര്‍ ജയപാലന്‍ നായര്‍, ഇറിഗേഷന്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുഗതകുമാരി, പ്രൊജക്ട് കണ്‍സള്‍ട്ടന്റ് അനികുമാര്‍ എന്നിവര്‍ പൊന്നാനി തീരത്ത് പരിശോധന നടത്തി.
Next Story

RELATED STORIES

Share it