Pathanamthitta local

കടയ്ക്കാട് ഉളമയില്‍ ഭൂമി കൈയേറ്റം; നടപടി സ്വീകരിക്കാതെ നഗരസഭ

പന്തളം: കടയ്ക്കാട് ഉളമയില്‍ കോളനിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റം. റവന്യൂ ഉദ്യോഗസ്ഥന്‍ കൈയ്യേറ്റം സ്ഥിരീകരിച്ചിട്ടും നടപടി എടുക്കാതെ നഗരസഭ ഒഴിഞ്ഞുമാറുന്നു. നഗരസഭയില്‍ ആറാം ഡിവിഷനിലാണ് പൊതുകിണറും സര്‍ക്കാര്‍ ഭൂമിയും സ്വകാര്യവ്യക്തി കൈയേറി താമസമുറപ്പിച്ചിരിക്കുന്നത്.
കോളനി താമസക്കാര്‍ക്ക് സ്ഥലപരിമിധി ഉള്ളതിനാല്‍ സ്വന്തം ഭൂമിയില്‍ കിണര്‍ കുഴിച്ച് കുടിവെള്ളമെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഞ്ചായത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന് സ്ഥലം വാങ്ങി കോളനിക്ക് നല്‍കിയ സ്ഥലത്താണ് പൊതുകിണര്‍ സ്ഥിതി ചെയ്യുന്നത്. കോളനിവാസികള്‍ തുല്യാവകാശമുള്ള ഈ കിണറും സ്ഥലവുമാണ് പ്രശാന്ത് എന്ന വ്യക്തിയും കുടുംബവും കൈയേറി വീടുവച്ചു താമസിക്കുന്നത്. ഇവരുടെ വീട് കാരണം മറ്റു താമസക്കാര്‍ക്ക് വെള്ളം കോരുന്നതിനോ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ കഴിയാതെ വന്നിരിക്കുകയാണ്. അത് ചോദ്യം ചെയ്തവര്‍ക്ക് നേരെ സ്വന്തം ഭൂമിയാണെന്ന അവകാശ തര്‍ക്കവും ഇയാള്‍ ഉന്നയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. നഗരസഭയോട് റവന്യൂ അധികാരി പൊളിച്ചു നീക്കാന്‍ ശുപാര്‍ശ ചെയ്ത ഷെഡിന് വീട്ടുനമ്പരും ലഭിച്ചിട്ടുണ്ട്. അന്നത്തെ വാര്‍ഡ് പ്രതിനിധിയെ സ്വാധീനിച്ച് നേടിയതാണ് വീട്ടുനമ്പരെന്ന ആരോപണം നിലനില്‍ക്കുന്നു. കുരമ്പാല റവന്യൂ അധികാരി നഗരസഭയ്ക്ക് നല്‍കിയ റിപോര്‍ട്ടില്‍ പ്രശാന്തും കുടുംബവും താമസ ഷെഡ് വച്ച് ഉപയോഗിച്ച് വരുന്ന സ്ഥലം പ്രശാന്തിന്റെയോ ഭാര്യ രമയുടെയോ കൈവശഭൂമിയല്ലെന്നും ഈ സ്ഥലം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്നും വ്യക്തിമാക്കിയിട്ടുണ്ട്. അനധികൃത താമസം ഒഴിപ്പിക്കണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. പഞ്ചായത്ത് നഗരസഭയായിട്ടും അന്നത്തെ തീരുമാനം നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. കിണറിന്റെയും വസ്തുവിന്റെയും പേരില്‍ കോളനിയില്‍ പ്രശ്‌നങ്ങള്‍ പതിവാണ്. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന താമസക്കാര്‍ വിഷയത്തില്‍ പരിഹാരമുണ്ടാക്കുന്നതിന് ബന്ധപ്പെട്ട താലൂക്ക് അധികാരികള്‍ക്കും ജില്ലാകലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നഗരസഭ നടപടി എടുക്കാത്തതിനെതിരേ ട്രൈബ്യൂണലിലും പരാതി നല്‍കി കാത്തിരിക്കുകയാണ് ഉളമകോളനിവാസികള്‍.
Next Story

RELATED STORIES

Share it