Kollam Local

കടയ്ക്കലില്‍ സംഘര്‍ഷം: സിഐയ്ക്കും സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്ക്

കടയ്ക്കല്‍: കൊട്ടിക്കലാശത്തില്‍ ആവേശം അതിരുകടന്നപ്പോള്‍ കുമ്മിളും നിലമേലിലും സംഘര്‍ഷം. കുമ്മിളില്‍ കല്ലേറും പോലിസ് ലാത്തിച്ചാര്‍ജ്ജും നടന്നു. കല്ലേറില്‍ സിഐയ്ക്കും പോലിസുകാര്‍ക്കും നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലിസ് ജീപ്പ് തകര്‍ത്തു. നിലമേലില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കൊട്ടിക്കലാശത്തിനൊടുവിലാണ് കുമ്മിളില്‍ സംഘര്‍ഷം നടന്നത്. എല്‍ഡിഎഫ്, യുഡിഎഫ് പ്രകടനങ്ങള്‍ക്കുശേഷം പ്രചാരണസമയം അവസാനിച്ചെങ്കിലും യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. ഇത് അവസാനിപ്പിക്കുവാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോലിസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലിസും എല്‍ഡിഎഫ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനുശേഷമാണ് കല്ലേറും ലാത്തിച്ചാര്‍ജ്ജും നടന്നത്. കല്ലേറില്‍ കടയ്ക്കല്‍ സിഐ ദിലീപ്കുമാര്‍ ഭാസി(50), കടയ്ക്കല്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ കെ മധു(50) എന്നിവര്‍ക്ക് പരിക്കേറ്റു. പോലിസുകാരില്‍ ചിലര്‍ക്കും പരിക്കുണ്ട്. കുമ്മിള്‍ സ്വദേശികളായ പ്രദീപ്(41), അനു(27), അസ്‌ലം(22), അര്‍ഷാദ്(19) എന്നിവര്‍ക്കാണ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിക്കലാശത്തില്‍ നിലമേലിലും എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നു. കല്ലേറില്‍ പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ വലിയവഴി കൊടിപ്പച്ചയില്‍ തൗഫീഖ്(24)നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it