Kottayam Local

കടയടപ്പു സമരം : അറസ്റ്റ് ഭീഷണിക്ക് മുമ്പില്‍ വഴങ്ങില്ലെന്ന് റേഷന്‍ വ്യാപാരികള്‍



ചങ്ങനാശ്ശേരി: അരി ഏറ്റെടുക്കാതെയും വിതരണം ചെയ്യാതെയും സംസ്ഥാനത്തെ 14000ത്തോളം വരുന്ന റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിച്ചു. അതിന്റെ ഭാഗമായി ചങ്ങനാശ്ശേരി താലൂക്കിലെ മുഴുവന്‍ റേഷന്‍ കടകളും ഇന്നലെ അടഞ്ഞു കിടന്നു. പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്ന റേഷന്‍ വ്യാപാരികള്‍ വിവിധ സപ്ലൈ ഓഫിസുകള്‍ക്കു മുമ്പില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. എന്നാല്‍ അറസ്റ്റ് ഭീഷണിക്കു മുമ്പില്‍ വഴങ്ങില്ലെന്ന നിലപാടാണ് വ്യാപാരികള്‍ സ്വീകരിച്ചിരിക്കുന്നത്. ഓള്‍ കേരളാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരളാ സ്റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാണ് സമരത്തിനു നേതൃത്വം നല്‍കുന്നത്. അരിയുമായി എത്തുന്ന വാഹനങ്ങള്‍ തിരിച്ചുവിട്ടും ഇന്റന്‍ഡ് പാസാക്കാതെയും പണം അടക്കാതെയും ഭക്ഷ്യധാന്യം വിതരണം ചെയ്യാതെയുമാണ് സമരം ചെയ്യുന്നത്. കടകള്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും അറസ്റ്റ് ചെയ്യുമെന്നുമുള്ള ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് മുമ്പില്‍ വഴങ്ങില്ലെന്നും ബലം പ്രയോഗിച്ച് ഉദ്യോഗസ്ഥര്‍ കടതുറന്നാല്‍ നിയമപരമായി നേരിടുമെന്നും ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന പ്രസിഡന്റ് കെ കെ പൊന്നപ്പന്‍ എന്നിവര്‍ അറിയിച്ചു. വേതന പാക്കേജ് സംബന്ധിച്ച ഉത്തരവു ഇറക്കാതെ സമരം പിന്‍വലിക്കില്ലെന്നും കംപ്യൂട്ടര്‍ വല്‍ക്കരണം നടത്തുമെന്നും മുന്‍ഗണനാപട്ടികയിലെ അപാകതകള്‍ പരിഹരിക്കുമെന്നുമുള്ള മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നു കരിഞ്ചന്ത മാഫിയകള്‍ക്കെതിരേ ശബ്ദമുയര്‍ത്താനോ നടപടിയെടുക്കാനോ മന്ത്രിക്കു കഴിയുന്നില്ലെന്നും മുക്കാടന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it