Idukki local

കടയടപ്പുസമരം; ജില്ലയിലെ വ്യാപാരികള്‍ പങ്കെടുക്കും



തൊടുപുഴ: ചരക്കു സേവന നികുതി നടപ്പാക്കിയതു മൂലം ചെറുകിട വ്യാപാരികളും പൊതുജനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നവംബര്‍ ഒന്നിന് സംസ്ഥാനവ്യാപകമായി നടത്തുന്ന കടയടപ്പു സമരത്തിലും സെക്രട്ടറിയറ്റ് മാര്‍ച്ചിലും ജില്ലയിലെ വ്യാപാരികളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചരക്കു സേവന നികുതി നടപ്പിലാക്കി നാലുമാസം കഴിഞ്ഞിട്ടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഉറവിട മാലിന്യ സംസ്‌കരണ ചുമതല വ്യാപാരികളുടെ മേല്‍ കെട്ടിവെയ്ക്കാനുള്ള നീക്കത്തെ എതിര്‍ക്കും. മാലിന്യ നിര്‍മാര്‍ജനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചുമതലയാണ്. വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി കച്ചവടത്തിന് സൗകര്യം ഒരുക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നിലപാടിനെയും ഭാരവാഹികള്‍ വിമര്‍ശിച്ചു. പ്ലാസ്റ്റിക് കവര്‍ ഉപയോഗത്തിന്റെ പേരില്‍ വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് നിര്‍ത്തിവെയ്ക്കണം.  കച്ചവടസ്ഥാപനങ്ങളെയും അതിലൂടെ ഉപജീവനം നടത്തുന്നവരുടെയും തൊഴില്‍ സംരക്ഷിക്കാനുള്ള നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍, സുബൈര്‍ എസ് മുഹമ്മദ്, സണ്ണി പൈമ്പള്ളില്‍, തങ്കച്ചന്‍ കോട്ടയ്ക്കകത്ത്, എന്‍ പി ചാക്കോ,  ആര്‍ രമേശ്, വി എ ജമാല്‍ മുഹമ്മദ്, പി അജീവ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it