thrissur local

കടപ്പുറത്ത് മുസ്‌ലിംലീഗില്‍ തര്‍ക്കം; നേതൃത്വം ആശയക്കുഴപ്പത്തില്‍

ചാവക്കാട്: പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കടപ്പുറം പഞ്ചായത്തില്‍ തര്‍ക്കം. വിമത പ്രവര്‍ത്തനത്തിലൂടെ ലീഗ് നേതൃത്വത്തിന് ഏറെ തലവേദന സൃഷ്ടിച്ച യൂത്ത് ലീഗ് മുന്‍ ജില്ലാ ഖജാഞ്ചിയും പഞ്ചായത്ത് മുന്‍ സ്റ്റാന്റിങ് കമ്മിറ്റി അംഗവുമായ പി കെ ബഷീറിനു വേണ്ടി ഒരു വിഭാഗവും ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായിരുന്ന മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം മുജീബിനെ പ്രസിഡന്റാക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യമുന്നയിച്ചതോടെ ലീഗ് നേതൃത്വം വെട്ടിലായിരിക്കുകയാണ്.
പി കെ ബഷീറിന്റെ പ്രസിഡന്റ് സ്ഥാനത്തിന് തടയിടാന്‍ നേതൃത്വം മുന്‍കൂട്ടി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി വി ഉമ്മര്‍കുഞ്ഞിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടന്നാണ് ലീഗ് നേതൃത്വം ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ആദ്യത്തെ രണ്ടര വര്‍ഷം പി എം മുജീബിനെ പ്രസിഡന്റാക്കാനും ഇതേ കാലയളവില്‍ ബഷീറിന് പാര്‍ട്ടിയുടെ ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കാമെന്നുമാണ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ തീരുമാനം. മുജീബിന്റെ കാലയളവിന് ശേഷം ബഷീറിന് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്നും നേതൃത്വം വ്യകതമാക്കിയിട്ടുണ്ട്. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്ന് ബഷീര്‍ ലീഗ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. മുജീബിന് ഇക്കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നതായി ബഷീര്‍ പറയുന്നു.
കൂടാതെ തിരഞ്ഞെടുപ്പിന് മുമ്പ് വരെ പാര്‍ട്ടിയില്‍ നിലനിന്നിരുന്ന കടുത്ത വിഭാഗീയതക്ക് പരിഹാരം കാണാനായത് തന്റെ നിലപാട് മൂലമാണെന്നും ബഷീര്‍ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. അതേസമയം വിമത പ്രവര്‍ത്തനങ്ങള്‍ നടത്തി പാര്‍ട്ടി നേതൃത്വത്തിന് എറെ സമ്മര്‍ദങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് ബഷീര്‍ സീറ്റ് കൈക്കലാക്കിയതെന്നാണ് മുജീബിന്റെ വാദം. ഇരുകൂട്ടരും വാദപ്രതിവാദങ്ങള്‍ നടത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് പദവി ആര്‍ക്ക് നല്‍കണമെന്ന് കാര്യത്തില്‍ നേതൃത്വത്തിന് തലവേദയായിരിക്കുകയാണ്.
വിജയിച്ചാല്‍ ബഷീര്‍ പ്രസിഡന്റ് സ്ഥാനത്തിന് അവകാവാദം ഉന്നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ പ്രസിഡന്റ് പി വി ഉമ്മര്‍കുഞ്ഞിയെ ഒരു വിഭാഗം ലീഗുകാര്‍ ഇടപെട്ട് ഇത്തവണ സ്ഥാനാര്‍ഥിയായി രംഗത്തെത്തിച്ചത്. എന്നാല്‍, പ്രസിഡന്റ് പദത്തെ ചൊല്ലി 2010ലുണ്ടായ പ്രശ്‌നം ഇത്തവണ ഉമ്മര്‍കുഞ്ഞിക്ക് തിരിച്ചടിയായി.
2010ല്‍ മൂന്നു വര്‍ഷത്തിന് ശേഷം പ്രസിഡന്റ് പദവി വി പി മന്‍സൂറലിക്ക് നല്‍കണമെന്ന ധാരണയില്‍ ഉമ്മര്‍കുഞ്ഞിയെ പ്രസിഡന്റാക്കിയിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഉമ്മര്‍കുഞ്ഞി ഒഴിയാതിരുന്നതോടെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം രൂക്ഷമായി. ഇതോടെ ലീഗ് സംസ്ഥാന പ്രസിഡന്റും ഉമ്മര്‍കുഞ്ഞിയോട് പ്രസിഡന്റ് പദവി ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യം ഒഴിഞ്ഞില്ല. പിന്നീടാണ് പ്രസിഡന്റ് സ്ഥാനത്തു നിന്നും ഉമ്മര്‍കുഞ്ഞി ഒഴിഞ്ഞത്.
ഈ സംഭവമാണ് ഇത്തവണ ഉമ്മര്‍കുഞ്ഞിക്ക് ഇത്തവണ വിനയായത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ലീഗിനുള്ളില്‍ തര്‍ക്കം മുറുകിയെങ്കിലും പി എം മുജീബ് തന്നെ പ്രസിഡന്റാവാനാണ് കൂടുതല്‍ സാധ്യത.
Next Story

RELATED STORIES

Share it