thrissur local

കടപ്പുറം പഞ്ചായത്തില്‍ സിപിഎമ്മും മുസ്്‌ലിം ലീഗും സംഘര്‍ഷത്തിന് കളമൊരുക്കുന്നു



ചാവക്കാട്: സിപിഎമ്മും മുസ്്‌ലിം ലീഗും കടപ്പുറം പഞ്ചായത്തില്‍ സംഘര്‍ഷത്തിന് കളമൊരുക്കുന്നു. അഞ്ചങ്ങാടിയില്‍ ഡിവൈഎഫ്‌ഐ നിര്‍മ്മിച്ച ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് പച്ച പെയിന്റടിച്ചപ്പോള്‍ കോളനിപ്പടിയില്‍ മുസ്്‌ലിം ലീഗ് നിര്‍മ്മിച്ച ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് ചുവപ്പ് പെയിന്റുമടിച്ചു. ലൈറ്റ് ഹൗസിനടുത്തെ മുസ്്‌ലിം ലീഗ് ഓഫീസിന്‍രെ ചുവരിലേക്ക് ചുവന്ന പെയിന്റ് ഒഴിച്ച നിലയിലാണ്. കൂടാതെ ഇരു പാര്‍ട്ടികളുടേയും കൊടി തോരണങ്ങളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സമാധാനന്തരീക്ഷത്തില്‍ കഴിയുന്ന മേഖലയില്‍ സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഇരു പാര്‍ട്ടികളുടേയും നീക്കത്തിനെതിരേ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോളനിപ്പടിയില്‍ മുസ്്‌ലിം ലീഗ് നിര്‍മ്മിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം പൂര്‍ണമായും ചുവപ്പ് പെയിന്റടിച്ച നിലയിലാണ്. അഞ്ചങ്ങാടി സെന്ററിന് പടിഞ്ഞാറ് പഴയ പോസ്‌റ്റോഫീസിനടുത്തെ ഡിവൈഎഫ്‌ഐ ബസ് കാത്തിരുപ്പ് കേന്ദ്രമാണ് പച്ച പെയിന്റടിച്ചത്.തൊട്ടാപ്പ് ലൈറ്റ്ഹൗസില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് പരസ്പരം പെയിന്റടിക്കലെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് ചാവക്കാട് പോലിസ് സ്ഥലത്ത് സന്ദര്‍ശനം നടത്തി. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതെ പഞ്ചായത്ത് ഭരിക്കുന്ന ലീഗും പ്രതിപക്ഷത്തിന്റെ ചുമതല വഹിക്കാതെ സിപിഎമ്മും പരസ്പരം ഏറ്റുമുട്ടല്‍ നടത്തുകയാണെന്നും നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തകരെ തള്ളിപ്പറയാന്‍ ഇരു പാര്‍ട്ടി നേതൃത്വവും തയ്യാറാകണമെന്നും എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ എച്ച് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it