thrissur local

കടപ്പുറം ആശുപത്രിപ്പടിയില്‍ മുസ്‌ലിം ലീഗ്-സിപിഎം സംഘര്‍ഷം

ചാവക്കാട്: കടപ്പുറം ആശുപത്രിപ്പടിയില്‍ മുസ്‌ലിം ലീഗ്-സിപിഎം സംഘര്‍ഷം. നാലു സിപിഎം പ്രവര്‍ത്തകര്‍ക്കും മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്ക്. സിപിഎം പ്രവര്‍ത്തകരായ ആശുപത്രിപ്പടി ആനാംകടവില്‍ അഫ്‌സല്‍ (29), അഞ്ചങ്ങാടി നെടുംപറമ്പില്‍ ഷബീര്‍ (32), തൊട്ടാപ്പ് രായംമരക്കാര്‍ വീട്ടില്‍ അജ്മല്‍ (19), തൊട്ടാപ്പ് വടക്കൂട്ട് ഉക്കുമുദ്ദീന്‍ (37), ലീഗ് പ്രവര്‍ത്തകരായ ആശുപത്രിപ്പടി രായംമരക്കാര്‍ വീട്ടില്‍ ബുര്‍ഹാന്‍(22), തൊട്ടാപ്പില്‍ റമദാന്‍ സെയ്ഫുല്ല (21), കറുത്താക്ക അഷ്‌ക്കര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഷബീറിന്റെ പരിക്ക് സാരമുള്ളതാണ്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടപ്പുറം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 13ാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുകയും നറുക്കെടുപ്പിലൂടെ പരാജയപ്പെടുകയും ചെയ്ത ഷജീനാ ആനാംകടവില്‍ വോട്ടര്‍മാരോട് നന്ദി പറയുന്നതിനായി സംഘടിപ്പിച്ച പ്രകടനത്തിനിടെ ഇന്നലെ വൈകീട്ട് അഞ്ചോടേയാണ് സംഭവം. ആറങ്ങാടിയില്‍ നിന്നും ആരംഭിച്ച് പ്രകടനം ഞോളീറോഡ് വഴി മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രമായ ആശുപത്രിപ്പടിയിലെത്തിയപ്പോഴാണ് സംഘര്‍ഷത്തിന് തുടക്കമായത്. പ്രകടനം ആശുപത്രിറോഡിലേക്ക് തിരിഞ്ഞതോടെ ഇവിടെ കാത്തു നിന്നിരുന്ന നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ പ്രകടനക്കാരെ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നെന്ന് പറയുന്നു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബിന്റെ നേതൃത്വത്തിലുള്ള ലീഗ് പ്രവര്‍ത്തകരാണ് തങ്ങളെ മര്‍ദിച്ചതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.
മേഖലയില്‍ നേരത്തെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും നിരവധി കേസുകളില്‍ പ്രതികളുമായവര്‍ ലീഗ് സംഘത്തില്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, പ്രകടത്തിനിടെ തങ്ങളുടെ കൊടി തോരണങ്ങള്‍ നശിപ്പിച്ച—താണ് സംഭവത്തിന് കാരണമെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. അഞ്ചങ്ങാടി സെന്ററില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് സംഘര്‍ഷം നടന്നതിനു തൊട്ടുപിന്നാലെ ഒരു സംഘം തകര്‍ത്തു. ഇതി—നു പിന്നിലും സിപിഎം പ്രവര്‍ത്തകരാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ചാവക്കാട് പോലിസില്‍ രാതി നല്‍കി. ചാവക്കാട് സിഐ എ ജെ ജോണ്‍സണ്‍, എസ്‌ഐ പി ഡി അനൂപ് മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it