കടത്തനാടന്‍ കരുത്തുമായി മുല്ലപ്പള്ളി കോണ്‍ഗ്രസ് അമരത്തേക്ക്‌

കോഴിക്കോട്: മലബാറില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസിയുടെ അമരത്തേക്ക് കടന്നുവരുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രതീക്ഷയുമേറെ.സ്വാതന്ത്ര്യസമര സേനാനിയായ പിതാവ് മുല്ലപ്പള്ളി ഗോപാലനില്‍ നിന്നു സ്വാംശീകരിച്ച മൂല്യങ്ങളുമായാണ് ഈ കടത്തനാട്ടുകാരന്‍ രാഷ്ട്രീയ ഗോദയില്‍ ഇറങ്ങിയത്. എതിരാളികളെ വെട്ടിവീഴ്ത്താനല്ല, ആശയപരമായി നേരിടാനാണ് എന്നും ശ്രമിച്ചത്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ക്കിടയിലും അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി.
1946 ഏപ്രില്‍ 15ന് കോഴിക്കോട് ജില്ലയിലെ ചോമ്പാലയില്‍ മുല്ലപ്പള്ളി ഗോപാലന്റെയും പാറു അമ്മയുടെയും മകനായി ജനിച്ച മുല്ലപ്പള്ളി കെഎസ്‌യുവിലൂടെയാണു ഹരിശ്രീ കുറിച്ചത്. 1978ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് മുല്ലപ്പള്ളിയായിരുന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച മുല്ലപ്പള്ളി പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം ഉറച്ചുനിന്നു. 1984ല്‍ കണ്ണൂരില്‍ നിന്ന് ആദ്യമായി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വര്‍ഷം തന്നെ മുല്ലപ്പള്ളിയെ ഇന്ദിരാഗാന്ധി നേരിട്ട് കെപിസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.
1988ല്‍ എഐസിസി ജോയിന്റ് സെക്രട്ടറിയായി. പിന്നീട് കെപിസിസി ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഒടുവില്‍ എഐസിസിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണയും വടകരയില്‍ രണ്ടു തവണയും വിജയകിരീടം ചൂടിയാണ് അദ്ദേഹം തന്റെ ജനകീയത തെളിയിച്ചത്. 2009ലാണ് അട്ടിമറി വിജയത്തിലൂടെ വടകരയില്‍ നിന്നു ലോക്‌സഭയിലെത്തിയത്. 2014ല്‍ വടകരയില്‍ നിന്നു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ പി വി നരസിംഹറാവു മന്ത്രിസഭയില്‍ കാര്‍ഷിക സഹമന്ത്രിയായും 2009ല്‍ ഡോ. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായും പ്രവര്‍ത്തിച്ചു.
അഴിമതിക്കും അനീതിക്കുമെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് മുല്ലപ്പള്ളി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും ജനാധിപത്യചേരിയെയും സജ്ജമാക്കുക എന്ന ദൗത്യമാണു മുല്ലപ്പള്ളിയെ രാഹുല്‍ഗാന്ധി ഏല്‍പിച്ചത്. ഉഷ രാമചന്ദ്രനാണ് ഭാര്യ. ഏക മകള്‍ പാര്‍വതി.

Next Story

RELATED STORIES

Share it