thrissur local

കടങ്ങോട് പഞ്ചായത്തില്‍ ലീഗ്-എല്‍.ഡി.എഫ്. ധാരണ

എരുമപ്പെട്ടി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കടങ്ങോട് പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് എല്‍.ഡി.എഫുമായി ധാരണയിലായി. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫുമായി അകന്ന മുസ്‌ലിം ലീഗ് ജനകീയ വികസന മുന്നണിയെന്ന പേരിലാണ് എല്‍.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കുന്നത്. രണ്ടര വര്‍ഷം മുമ്പ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പില്‍ ധാരണയാവാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ലീഗിന്റെ ഔദ്യോഗിക ചിഹ്നത്തില്‍ മല്‍സരിച്ചിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ കോ ണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ച വാര്‍ഡില്‍ ലീഗ് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതിനുശേഷം യു.ഡി.എഫ്. സംവിധാനത്തില്‍ നിന്നു ലീഗ് അകന്നു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി ധാരണയിലായത്. പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലും പത്താം വാര്‍ഡിലുമാണ് ലീഗ് സ്ഥാനാര്‍ഥികള്‍ എല്‍.ഡി.എഫിന്റെ പിന്തുണയോടെ സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കുന്നത്. രണ്ടാം വാര്‍ഡായ നെല്ലിക്കുന്നില്‍ നിഷാ അബൂബക്കറും പത്താം വാര്‍ഡായ വെള്ളത്തേരിയില്‍ മുന്‍ ഗ്രാമപ്പഞ്ചായത്ത് അംഗം ജലീല്‍ ആദൂരുമാണ് ലീഗ് സ്ഥാനാര്‍ഥികള്‍. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികളുമായി നീക്കുപോക്ക് നടത്താമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശമുണ്ടെന്നു മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. ഇതുപ്രകാരം പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ എടുത്ത തീരുമാന പ്രകാരമാണ് കടങ്ങോട് പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് സ്വതന്ത്രമായി മല്‍സരിക്കുന്നതെന്നു ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it