Editorial

കടക്കെണിയുടെ വക്കില്‍ എത്തിയ കേരളം

കേരളത്തിന്റെ സമ്പദ്ഘടന സംബന്ധിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വിദഗ്ധസംഘം നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ഗൗരവമായ പര്യാലോചനകള്‍ക്കു വഴിതുറക്കേണ്ടതാണ്. ആഗോളമാന്ദ്യവും എണ്ണവിലയിലെ തകര്‍ച്ച ഉയര്‍ത്തുന്ന ഭീഷണിയും അടക്കമുള്ള പ്രശ്‌നങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ ആരോഗ്യത്തിനു ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭാവിയെ സംബന്ധിച്ച സത്യസന്ധമായ ഒരു തുറന്ന ചര്‍ച്ചയും വിലയിരുത്തലും ഇനി ഒട്ടും ഒഴിവാക്കാവുന്നതല്ല.
നിരാശാജനകമായ ചിത്രമാണ് ആസൂത്രണ ബോര്‍ഡിന്റെ പഠനത്തില്‍ തെളിഞ്ഞുവരുന്നത്. 2010-11 വര്‍ഷത്തിനുശേഷം കേരളത്തിന്റെ വളര്‍ച്ചാനിരക്കില്‍ ക്രമാനുഗതമായ തളര്‍ച്ചയാണു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും ഈ അവസ്ഥയെ മറികടക്കാന്‍ ആവശ്യമായ നടപടികള്‍ ഒന്നും സ്വീകരിക്കപ്പെടുകയുണ്ടായില്ല എന്നും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കംകൂട്ടിയിരുന്ന രണ്ടു പ്രധാന ഘടകങ്ങള്‍ ടൂറിസവും വിദേശരാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരില്‍നിന്നു ലഭിച്ചുവന്ന വരുമാനവും ആയിരുന്നു. രണ്ടു രംഗങ്ങളിലും കടുത്ത തിരിച്ചടിയാണ് സംസ്ഥാനം നേരിടുന്നത്.
വിദേശത്തുനിന്നുള്ള പണംവരവ് കുറഞ്ഞുപോയതിനു കാരണം അന്താരാഷ്്ട്രരംഗത്തെ സംഭവവികാസങ്ങളാണ്. ഗള്‍ഫ് മേഖലയില്‍ യുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധിയും കടുത്ത വെല്ലുവിളിയായി മാറിയിരിക്കുന്നു. എണ്ണവിലയില്‍ ഉണ്ടായിരിക്കുന്ന ഇടിവ് ഗള്‍ഫ് മേഖലയിലെ സാമ്പത്തികപ്രവര്‍ത്തനങ്ങളെ ഗുരുതരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയെ ആശ്രയിച്ചുള്ള ഒരു ഭാവി എന്നത് അത്ര ശോഭനമായ സാധ്യതയല്ല. ബദല്‍ മാര്‍ഗങ്ങള്‍ കേരളം അന്വേഷിച്ചേ പറ്റൂ.
അതില്‍ പ്രധാനം ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കാന്‍ സഹായകമായ ടൂറിസം പോലുള്ള മേഖലകളായിരുന്നു. പരിസ്ഥിതിക്കു വലിയ കോട്ടംതട്ടാത്ത മട്ടില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇവിടെ ടൂറിസം രംഗത്ത് ശക്തമായ കാല്‍വയ്പുകള്‍ നടക്കുകയും ചെയ്തിരുന്നു. പക്ഷേ, സമീപകാലത്ത് സര്‍ക്കാര്‍നയങ്ങളിലുണ്ടായ മാറ്റങ്ങള്‍ മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് എത്തിച്ചതായി ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു. ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മേഖലയില്‍ തിരിച്ചടികളാണു സംഭവിക്കുന്നത്.
നികുതിവരുമാനം തളര്‍ച്ചയിലാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മാത്രമല്ല ഇതിനു കാരണം. സാമ്പത്തികരംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനം നടക്കുന്ന വേളയില്‍ മാത്രമാണ് നികുതിപിരിവില്‍ ഉണര്‍വുണ്ടാവുന്നത്. വില്‍പന നികുതി പോലുള്ള രംഗങ്ങളില്‍ കാര്യമായ ഇടിവു സംഭവിക്കാന്‍ കാരണം പൊതുവില്‍ സാമ്പത്തികരംഗത്തുണ്ടായ മാന്ദ്യം തന്നെയാണ്.
പ്രതിസന്ധികളെ നേരിടാന്‍ കടംവാങ്ങി കാര്യം കാണുന്ന സ്ഥിതിയാണു കഴിഞ്ഞകാലങ്ങളില്‍ നിലനിന്നത്. സംസ്ഥാനത്തിന്റെ പൊതുകടം ഭീഷണമാംവിധം വര്‍ധിച്ചുവരുകയാണ്. ചുരുക്കത്തില്‍ അഗാധമായ ഒരു കടക്കെണിയുടെ വക്കിലാണ് ഇന്ന് കേരളം എത്തിപ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it