kozhikode local

കടകള്‍ തീവച്ചു നശിപ്പിച്ചു; തെരുവന്‍പറമ്പില്‍ സിപിഎം ഹര്‍ത്താല്‍

നാദാപുരം: തെരുവന്‍ പറമ്പില്‍ സിപിഎം പ്രവര്‍ത്തകരുടെ രണ്ട് കടകള്‍ തീ വെച്ചു നശിപ്പിച്ചു. ചിയ്യൂര്‍ എല്‍പി സ്‌ക്കൂളിന് സമീപത്തെ കടകളാണ് അഗ്‌നിക്കിരയാക്കിയത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. തെരുവന്‍ പറമ്പ് സ്വദേശി താന മഠത്തില്‍ കണ്ണന്റെ ഉടമസ്ഥതയിലുള്ള ടി എം ബേക്കറിയും, സിപിഎം വിഷ്ണുമംഗലം ബ്രാഞ്ച് സെക്രട്ടി ടി പി രാജന്റെ തുന്നല്‍ കടയുമാണ് തീ വെച്ച് നശിപ്പിച്ചത്.
രാത്രി പന്ത്രണ്ട് മണിയോടെ റോഡ് വഴി പോവുകയായിരുന്ന ഓട്ടോ ഡ്രൈവറാണ് കടയില്‍ നിന്ന് തീ കത്തുന്ന വിവരം പോലിസ് സ്‌റ്റേഷനില്‍ വിളിച്ചറിയിച്ചത്. നാദാപുരത്ത് നിന്ന് പോലിസും ചേലക്കാട് നിന്ന് ഫയര്‍ഫോഴ്—സുമെത്തിയാണ് തീ അണച്ചത്. കടകളുടെ ഷട്ടറുകള്‍ക്കിടയിലൂടെ പെട്രോളോ മറ്റോ ഒഴിച്ച് തീ വെച്ചതാകാമെന്നാണ് പോലിസിന്റെ നിഗമനം.
തുന്നല്‍ കടയിലെ ഫര്‍ണ്ണിച്ചറുകളും, തയ്യല്‍ മെഷീന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സാധന സാമഗ്രികളും പൂര്‍ണമായി കത്തിചാമ്പലായി. 2016 സപ്തംബര്‍ മൂന്നിന് രാത്രിയിലും സമാനമായ രീതീയില്‍ രാജന്റെ കട തീ വെച്ച് നശിപ്പിച്ചിരുന്നു. ടി എം ബേക്കറിയില്‍ തീ കൂടുതല്‍ പടര്‍ന്ന് പിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കടയ്ക്കുളളില്‍ സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് കുറ്റികള്‍ തീ പിടിച്ചിരുന്നെങ്കില്‍  കെട്ടിടം തകരുകയും മുകള്‍ നിലയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വന്‍ അപകടം സംഭവിക്കുമായിരുന്നെന്ന് പോലിസ് പറഞ്ഞു. നാദാപും ഡിവൈഎസ്പി ഇ സുനില്‍ കുമാര്‍, സിഐ എം പി രാജേഷ് എന്നിവര്‍ രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.
രാവിലെ എട്ട് മണിയോടെ സി പി എം പ്രവര്‍ത്തരും നേതാക്കളും സ്ഥലത്തെത്തി. ഇതിനിടയില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ നാദാപുരത്ത് നിന്ന് വിലങ്ങാടേക്ക് പോകുകയായിരുന്ന ലോഫ്—ലോര്‍ ബസ്സ് തടഞ്ഞു. നേതാക്കളിടപെട്ട് പ്രവര്‍ത്തകരെ റോഡില്‍ നിന്ന് നീക്കാന്‍ ശ്രമം നടത്തിയെങ്കിലും ആദ്യം വഴങ്ങാതിരുന്ന പ്രവര്‍ത്തകര്‍ പിന്നീട് റോഡ് ഉപരോധത്തില്‍ നിന്ന് പിന്‍മാറി. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തില്‍ തെരുവന്‍ പറമ്പില്‍ സിപിഎം രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെ ഹര്‍ത്താല്‍ നടത്തി.
Next Story

RELATED STORIES

Share it