kozhikode local

കടം വാങ്ങിയ മരുന്നുകളുടെ തുക തിരിച്ചടച്ചില്ല; മെഡിക്കല്‍ കോളജ് ന്യായവില ഷോപ്പ് പ്രതിസന്ധിയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില മെഡിക്കല്‍ ഷോപ്പ് പ്രതിസന്ധിയില്‍. ആശുപത്രിയിലേക്ക് കടം വാങ്ങിയ മരുന്നുകളുടെ തുക തിരിച്ചടക്കാത്തതാണ് മെഡിക്കല്‍ ഷോപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. കോടിക്കണക്കിന് മരുന്നുകളാണ് പലപ്പോഴായി മെഡിക്കല്‍ ഷോപ്പില്‍ നിന്നു നല്‍കിയിരുന്നത്.
ആദിവാസികള്‍ക്ക് വേണ്ടി വാങ്ങിയ മരുന്നുകളാണ് അധികവും. വിവിധ വിഭാഗങ്ങളില്‍ നിന്നായി രണ്ടരകോടിയോളം രൂപയാണ് മെഡിക്കല്‍ ഷോപ്പിനു ലഭിക്കാനുള്ളത്. ആശുപത്രിക്ക് ആവശ്യമായ ഫണ്ടില്ലാത്തതിന്റെ പേരില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വികസന സമിതിയില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ കടമെടുക്കുന്നു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം വികസന സമിതി ഫണ്ടാണ് ഉപയോഗിക്കുന്നത്. 600ല്‍ അധികം വരുന്ന വികസന സമിതി ജീവനക്കാരുടെ ശമ്പളം പുതുക്കിയതും വികസന സമിതിക്കു ബാധ്യതയായി. വരുമാനത്തിന്റെ 70 ശതമാനവും ശമ്പളം നല്‍കാനാണ് ഉപയോഗിക്കുന്നതെന്ന് ആരോപണമുണ്ട്. വികസന സമിതി രോഗികളുടെ ചികില്‍സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്ക് വേണ്ട ആധുനിക രക്ത പരിശോധനാ സംവിധാനങ്ങള്‍ ഒന്നുംതന്നെ വികസന സമിതി ലാബുകളില്‍ ഇല്ല. പ്രധാന രക്തപരിശോധനകള്‍ക്ക് സ്വകാര്യ ലാബുകളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. വികസന സമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളില്‍ ആവശ്യത്തിലധികം ജീവനക്കാരെ ശുപാര്‍ശകള്‍ വഴി നിയമിക്കുന്നതായി ആക്ഷേപമുണ്ട്. മെഡിക്കല്‍ കോളജില്‍ ആദിവാസി വിഭാഗത്തിനു മാത്രം വര്‍ഷം ഒരു കോടിയിലധികം രൂപയുടെ മരുന്ന് ന്യായവില മെഡിക്കല്‍ ഷോപ്പില്‍ നിന്നു വാങ്ങുന്നുണ്ട്. മെഡിക്കല്‍ കോളജിലെത്തുന്ന ആദിവാസി ഇതര അനാഥ രോഗികള്‍ക്കും അത്യാഹിത വിഭാഗത്തിലേക്കും മറ്റും വാങ്ങേണ്ട മരുന്നുകള്‍ക്കുമായി 72 ലക്ഷം രൂപ വര്‍ഷം ചെലവുണ്ട്. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആറുകോടിയുടെ ജനറല്‍ ഫണ്ട് ബജറ്റ് നല്‍കിയിട്ട് ലഭിച്ചത് ഒരു കോടി രൂപ മാത്രമാണ്. 2.6 കോടിയുടെ ആദിവാസി ഫണ്ടിന് പകരം ലഭിച്ചത് 20 ലക്ഷം രൂപയാണ്. ഫണ്ട് ലഭിക്കാതെ ന്യായവില ഷോപ്പിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
Next Story

RELATED STORIES

Share it