Alappuzha local

കഞ്ഞിക്കുഴിയില്‍ കയര്‍ ഫാക്ടറിക്ക് തീയിട്ടു: അഞ്ചു പേര്‍ പിടിയില്‍; മുഖ്യപ്രതി പ്രിന്‍സ് ഒളിവില്‍

മണ്ണഞ്ചേരി: വസ്തു സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് കയര്‍ ഫാക്ടറിക്ക് തീയിട്ടു. സംഭവത്തില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്ന നാലു യുവാക്കള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായി.
കഞ്ഞിക്കുഴി വനസ്വര്‍ഗ്ഗത്ത് പ്രവര്‍ത്തിക്കുന്ന സാന്ദ്ര കയര്‍ വര്‍ക്ക്‌സിനാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ തീപിടിച്ചത്. മുഹമ്മ ഗ്രാമപ്പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കൊച്ചുകളത്തില്‍ ജയേഷ്(31), മുഹമ്മ ഗ്രാമപ്പഞ്ചായത്ത് 9-ാം വാര്‍ഡില്‍ പട്ടാറച്ചിറ വീട്ടില്‍ സേവിച്ചന്‍ (42), മുഹമ്മ ഗ്രാമപ്പഞ്ചായത്ത് 10-ാം വാര്‍ഡില്‍ വൈശാഖ് ഭവനില്‍ വൈശാഖ് (28), മുഹമ്മ ഗ്രാമപ്പഞ്ചായത്ത് 10-ാം വാര്‍ഡില്‍ മറ്റത്തില്‍ രഞ്ജിത്ത്(27), കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കോലാട്ടുവെളി അരുണ്‍ (24) എന്നിവരെയാണ് മാരാരിക്കുളം പോലിസ് അറസ്റ്റ് ചെയ്തത്.
കഞ്ഞിക്കുഴി വനസ്വര്‍ഗ്ഗം തകിടി വെളി പുഷ്പധരന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച ഫാക്ടറി. പുഷ്പധരന്റെ വീടിന് മുന്നിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് പുഷ്പധരനും സഹോദരിയുമായി സിവില്‍ കേസ് നിലവിലുണ്ട്. സഹോാദരങ്ങള്‍ അച്ഛന്റെ കള്ളഒപ്പിട്ട് ആധാരം രജിസ്റ്റര്‍ചെയ്‌തെന്നാണ് പരാതി. ഇതിനിടയില്‍ സഹോദരി സ്ഥലം റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്ന മുഹമ്മ സ്വദേശി പ്രിന്‍സിന് വിറ്റു. പിന്നീട് വസ്തു സംബന്ധമായ തര്‍ക്കം പ്രിന്‍സുമായിട്ടായി.
കഴിഞ്ഞ മാസം ഈ ഫാക്ടറിയുടെ മതില്‍ പൊളിച്ചതിന് പ്രിന്‍സിനും മറ്റുമെതിരേ മാരാരിക്കുളം പോലിസ് കേസെടുത്തിരുന്നു. ചൊവ്വാഴ്ച പുഷ്പധരന്‍ മതില്‍കെട്ടി. രാത്രി 10.30 ഓടെ ഒരുസംഘമാളുകള്‍ എത്തി വീണ്ടു മതില്‍ പൊളിച്ചു. തടസ്സപ്പെടുത്തിയ പുഷ്പധരന്റെ ഭാര്യ മിനിമോളെ മര്‍ദ്ദിക്കുകയും ചെയ്തു. മാരാരിക്കുളം പോലിസ് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പിന്നീടാണ് പുലര്‍ച്ചെ ഫാക്ടറിക്ക് തീയിട്ടത്. ചകിരിയും കയറും ഫാക്ടറിയും പൂര്‍ണമായും കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും എത്തിയ നാല് യൂനിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് തീയണച്ചത്. ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ മാസ്റ്റര്‍ കെ ഷാജി നേതൃത്വം വഹിച്ചു. മുഖ്യ പ്രതി പ്രിന്‍സ് ഒളിവിലാണ്. മാരാരിക്കുളം എസ്‌ഐ ശ്രീകാന്ത് മിശ്ര, പ്രിന്‍സിന്റെ സഹോദരന്‍ വൈശാഖിനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിളികളും തെളിവായി. സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ എല്‍ ബൈജു, ഹോംഗാര്‍ഡ് ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it