Kottayam Local

കഞ്ഞിക്കുഴിയിലെ കൊലപാതകം; പ്രതിയെ കോട്ടയത്ത് എത്തിച്ചു; ഇന്ന് തെളിവെടുപ്പ് നടത്തും

കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിലെ ലോഡ്ജില്‍ കെട്ടിടനിര്‍മാണതൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയകേസില്‍ ആന്ധ്രപ്രദേശില്‍ അറസ്റ്റിലായ പ്രതിയെ കോട്ടയത്ത് എത്തിച്ചു. എറണാകുളം തേവര കണിശേരി സ്റ്റാന്‍ലിയെ(64) കൊലപ്പെടുത്തിയ കേസില്‍ ആഡ്രപ്രദേശിലെ വാറങ്കലില്‍ നിന്ന് പിടിയിലായ പാലക്കാട് മണ്ണാര്‍ക്കാട് പയ്യനടം ജയപ്രകാശിനെയാണ് (45) കോട്ടയത്ത് എത്തിച്ചത്.
ഈസ്റ്റ് സിഐ എ ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം വാറങ്കയില്‍ നിന്ന് വ്യാഴാഴ്ച പിടികൂടിയ പ്രതിയെ വിമാന മാര്‍ഗമാണ് കേരളത്തിലത്തെിച്ചത്. പിടികൂടിയശേഷം വെള്ളിയാഴ്ച വാറങ്കലില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ ഹൈദാബാദില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് നാലിന് ഹൈദരാബദില്‍ നിന്ന് വിമാനമാര്‍ഗം ചെന്നൈയില്‍ എത്തി. അവിടെ തങ്ങിയ ശേഷം ഞായറാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശേരിയിലേക്ക് തിരിച്ചു. രാവിലെ 9.30ന് നെടുമ്പാശേരി വിമാനത്താളവത്തില്‍ നിന്ന് ഈസ്റ്റ് പോലിസിന്റെ വാഹനത്തില്‍ ഉച്ചയ്ക്ക് 1.45ന് കോട്ടയത്ത് എത്തിക്കുകയായിരുന്നു.
വാറങ്കല്‍ സ്‌പെഷല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ട്രാന്‍സിസ്റ്റ് വാറണ്ടുമായാണ് പോലിസ് എത്തിയത്. കോട്ടയം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ഏറ്റുമാനൂര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്ന് പോലിസ് കസ്റ്റഡിയില്‍ വാങ്ങി കോട്ടയത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് പോലിസ് അറിയിച്ചു.
പിടികൂടിയതിനുശേഷം ആന്ധ്രയില്‍ നടത്തിയ തെളിവെടുപ്പില്‍ പ്രതി മോഷ്ടിച്ച സ്റ്റാന്‍ലിയുടെ മൊബൈല്‍ഫോണും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. ആന്ധ്രയിലെ സ്വകാര്യബാങ്കില്‍ നിന്ന് 50,000 രൂപക്ക് പണയം വെച്ച അഞ്ചുപവന്റെ സ്വര്‍ണമാലയും വാറങ്കലിന് സമീപം 500രൂപക്ക് വിറ്റ മൊബൈല്‍ഫോണുമാണ് കണ്ടെടുത്തത്. ഒക്ടോബര്‍ 15ന് കഞ്ഞിക്കുഴി ദേവലോകം റോഡിലെ ഹോബ്‌നോബ് ഹോട്ടലിലെ 303ാംനമ്പര്‍ മുറിയിലാണ് സ്റ്റാന്റലി കൊല്ലപ്പെട്ടത്.
ഒപ്പം താമസിച്ചിരുന്ന ജയപ്രകാശ് പണത്തിനുവേണ്ടി സ്റ്റാന്‍ലിയെ കൊലപെടുത്തിയശേഷം സ്വര്‍ണാഭരണവും മൊബൈല്‍ഫോലും 500രൂപയും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it